
ഗാസ ഡോക്യുമെന്‍ററിയിൽ മാപ്പ് പറഞ്ഞ് ബിബിസി. ഗാസയിലെ കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ ഗുരുതര പിഴവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രിട്ടീഷ് മാധ്യമത്തിന്‍റെ ക്ഷമാപണം. ഡോക്യുമെന്‍ററിയുടെ വിവരണം നിർവഹിക്കുന്ന 13കാരൻ ഹമാസ് മന്ത്രിയുടെ മകനാണ് എന്ന വിവരം ബിബിസിയ്ക്ക് അറിവുണ്ടായിരുന്നില്ല. വാർത്താചിത്രം സംപ്രേക്ഷണം ചെയ്തത് സ്ഥാപനത്തിന്‍റെ വിശ്വാസ്യതയ്ക്ക് വലിയ ക്ഷതം ഉണ്ടാക്കിയതായും ബിബിസി വ്യക്തമാക്കി.
'ഗാസ: ഹൗ റ്റു സർവൈവ് എ വാർസോൺ' എന്ന ഡോക്യുമെന്‍ററിയുടെ പേരിലാണ് ബിബിസി മാപ്പ് പറഞ്ഞത്. ഗുരുതരമായ പിശകുകൾ ഉണ്ടെന്ന വിമർശനത്തിന് പിന്നാലെയാണ് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്‍ററി പുനപരിശോധിക്കാൻ സ്ഥാപനം തീരുമാനിച്ചത്. അബ്ദുള്ള എന്ന കുട്ടിയുടെ വിവരണത്തിലൂടെയാണ് ഡോക്യുമെന്‍ററി മുന്നോട്ട് പോകുന്നത്. 13 കാരനായ അബ്ദുള്ള ഗാസയിലെ ഹമാസ് മന്ത്രിയുടെ മകനാണെന്ന് പിന്നീടാണ് കണ്ടെത്തുന്നത്. ബിബിസിക്കായി ഡോക്യുമെന്‍ററി നിർമിച്ച ഹോയോ ഫിലിംസ് എന്ന നിർമാണ കമ്പനി ഇതടക്കമുള്ള പല വിവരങ്ങളും ബിബിസിയിൽ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തി.
ഡോക്യുമെന്‍ററിക്ക് ഹമാസ് ബന്ധം ഉണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ബിബിസി വാർത്താചിത്രം പിൻവലിച്ചിരുന്നു. പിന്നീടാണ് കൂടുതൽ പരിശോധന സ്ഥാപനം നടത്തുന്നത്. അബ്ദുള്ള എന്ന കുട്ടിയുടെ പിതാവ് ഹമാസ് മന്ത്രിയാണെന്ന വിവരം ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്ത ശേഷം മാത്രമാണ് ഹോയോ ഫിലിംസ് അറിയിച്ചതെന്ന് ബിബിസി വക്താവ് പറയുന്നു. അബ്ദുള്ളയുടെ മാതാവിന് പണം നൽകിയ കാര്യവും ഹോയോ ഫിലിംസ് പിന്നീട് വെളിപ്പെടുത്തിയതായി ബിബിസി പറയുന്നു. ഹമാസിനോ അതുമായി ബന്ധമുള്ളവർക്കോ പണമോ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികമോ നൽകിയിട്ടില്ല എന്നാണ് ഹോയോ ഫിലിംസ് ബിബിസിക്ക് ഉറപ്പ് നൽകിയിട്ടുള്ളത്. ഡോക്യുമെന്‍ററി സ്ഥാപനത്തിന്‍റെ വിശ്വാസ്യതയ്ക്ക് വലിയ പരിക്കുണ്ടാക്കിയെന്ന് ബിബിസി ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. യു.കെ. പ്രധാമന്ത്രി കെയ്ർ സ്റ്റാർമറും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലും ഡോക്യുമെന്‍ററിയെ കുറിച്ച് ചോദ്യം ഉയർന്നിരുന്നു. അതേസമയം ഡോക്യുമെന്‍ററി പിൻവലിച്ചതിന് എതിരെയും രൂക്ഷവിമർശങ്ങളാണ് ഉണ്ടായത്.