ചാംപ്യന്‍സ് ട്രോഫിയിലെ മിന്നും പ്രകടനം; ടീം ഇന്ത്യക്ക് 58 കോടി പാരിതോഷികം പ്രഖ്യാപിച്ച് BCCI

ഇന്ത്യയുടെ സമര്‍പ്പണത്തേയും മികവിനേയും അംഗീകരിക്കാനാണ് പാരിതോഷികമെന്നും ബിസിസിഐ
ചാംപ്യന്‍സ് ട്രോഫിയിലെ മിന്നും പ്രകടനം; ടീം ഇന്ത്യക്ക് 58 കോടി പാരിതോഷികം പ്രഖ്യാപിച്ച് BCCI
Published on

ചാംപ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും പരിശീലകര്‍ക്കും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഉള്‍പ്പെടെയാണ് പാരിതോഷികം. 58 കോടി രൂപയാണ് ഉപഹാരം.

തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്നും അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ സമര്‍പ്പണത്തേയും മികവിനേയും അംഗീകരിക്കാനാണ് പാരിതോഷികമെന്നും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റേയും തന്ത്രപരമായ കളിയുടെയും ഫലമാണ് ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം. ചാംപ്യന്‍സ് ട്രോഫിയിലെ നേട്ടം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തെ സാധൂകരിക്കുന്നതാണ്. വരും വര്‍ഷങ്ങളിലും ഇന്ത്യ മികച്ച ഫോം തുടരുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ അഭിപ്രായപ്പെട്ടു.

ദുബായില്‍ വെച്ച് നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തത്. ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി നേട്ടമാണിത്. 2002ലും 2013ലുമാണ് മുമ്പ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ടീം മൂന്ന് ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടുന്ന ഏഴാമത്തെ ഐസിസി കിരീടം കൂടിയാണിത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com