
ഐപിഎല്‍ താര ലേലത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിസിസിഐ. വിദേശ താരങ്ങളുടെ ലേലത്തിലാണ് ബിസിസിഐയുടെ നിര്‍ദേശം വലിയ മാറ്റങ്ങളുണ്ടാക്കുക. 2024 ഐപിഎല്‍ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ കണ്ണ് തള്ളിയത് ആരാധകര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടിയാണ്.
ഐപിഎല്‍ ലേലത്തില്‍ അന്നുവരെയുള്ള സകല റെക്കോര്‍ഡും പഴങ്കഥയാക്കിയായിരുന്നു സ്റ്റാര്‍ക്കിന്റെ എന്‍ട്രി. ടി-20 ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക് മാറി. എന്നാല്‍, ഇതുപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള കടുംവെട്ടാണ് ബിസിസിഐയുടെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിദേശ താരങ്ങളുടെ തുക കുത്തനെ ഉയര്‍ന്ന് ബഹിരാകാശത്തേക്ക് എത്താതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.
മെഗാ ലേലത്തില്‍ ലഭിച്ചതോ നിലനിര്‍ത്തിയതോ ആയതിനേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ വിദേശ കളിക്കാര്‍ക്ക് അര്‍ഹതയില്ലെന്നാണ് പുതിയ മാര്‍ഗ നിര്‍ദേശം. മിനി ലേലത്തില്‍ പങ്കെടുത്താണ് സ്റ്റാര്‍ക്ക് വിലകൂടിയ താരമായി മാറിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ചില വിദേശതാരങ്ങള്‍ തങ്ങളെ മിനി ലേലത്തില്‍ മാത്രം ഉള്‍പ്പെടുത്തി പണം സമ്പാദിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം.
എന്തായാലും അടുത്ത വര്‍ഷത്തെ താരലേലത്തില്‍ ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍. പുതിയ നിര്‍ദേശമനുസരിച്ച്, 2026, 2027 സീസണിലെ ഐപിഎല്ലില്‍ മത്സരിക്കണമെങ്കില്‍ വിദേശ താരങ്ങള്‍ 2025 ലെ മെഗാ താരലേലത്തില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല, മിനി-ലേലത്തില്‍ ഒരു വിദേശ കളിക്കാരന് നേടാനാകുന്ന പരമാവധി ഫീസ് ഒരു കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന റിട്ടന്‍ഷന്‍ ഫീ അല്ലെങ്കില്‍ മെഗാ-ലേലത്തില്‍ മറ്റൊരു കളിക്കാരന്‍ നേടുന്ന വില അനുസരിച്ചായിരിക്കും നിര്‍ണ്ണയിക്കുക. രണ്ടിനും ഇടയില്‍ കുറഞ്ഞ തുക പരിഗണിക്കും.
Also Read: അർജൻ്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ വിലക്കി ഫിഫ
അതായത്, മെഗാ ലേലത്തില്‍ വിരാട് കോഹ്ലിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 18 കോടി രൂപയ്ക്ക് നിലനിര്‍ത്തുകയും ദീപക് ചഹാറിനെ 15 കോടി രൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്താല്‍, മിനി ലേലത്തില്‍ 15 കോടിക്ക് മുകളില്‍ തുക സ്വന്തമാക്കാന്‍ ഒരു വിദേശ താരത്തിനും അര്‍ഹതയുണ്ടാകില്ല. ഇനി, മെഗാ ലേലത്തില്‍ ദീപക് ചഹാര്‍ 20 കോടി രൂപയാണ് സ്വന്തമാക്കുന്നതെങ്കില്‍ വിദേശ താരത്തിന് ലഭിക്കാവുന്ന പരമാവധി തുക 18 കോടിയായിരിക്കും (കോഹ്ലിയുടെ നിലനിര്‍ത്തല്‍ തുക).
ഫ്രാഞ്ചൈസികളെ അവര്‍ ഇഷ്ടപ്പെടുന്നിടത്തോളം സമയം ലേലം വിളിക്കാന്‍ അനുവദിക്കുമെങ്കിലും, അധിക തുക പോകുക കളിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്കല്ല, ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും.