ഇരു രാജ്യങ്ങളുടെയും ഗേറ്റുകൾ തുറക്കില്ല; അട്ടാരി-വാഗ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

ചടങ്ങ് കാണാനായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ഇരു രാജ്യങ്ങളുടെയും ഗേറ്റുകൾ തുറക്കില്ല; അട്ടാരി-വാഗ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകൾ ഇന്ന് മുതൽ പുനരാരംഭിക്കും
Published on


ഇന്ത്യാ-പാക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട അട്ടാരി-വാഗ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകൾ ഇന്നുമുതൽ പുനരാരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ചടങ്ങുകൾ താത്‌കാലികമായി നിർത്തിവെച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് അതിർത്തികളിലെ ചടങ്ങുകൾ പുനരാരംഭിക്കാൻ തീരുമാനമായത്.

12 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും ഗേറ്റുകൾ തുറക്കില്ല. ബിഎസ്എഫും പാക് റേഞ്ചേഴ്സുമായുള്ള ഹസ്തദാനവും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചടങ്ങ് കാണാനായി മാധ്യമ പ്രവർകർക്ക് മാത്രമാണ് അനുമതി. നാളെ മുതൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. ഫിറോസ്പൂരിലെ ഹുസൈനിവാല അതിർത്തിയിലെയും, സദ്കി അതിർത്തിയിലെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകൾ ഇന്നുമുതൽ പുനരാരംഭിക്കും.

സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് മെയ് 8 മുതൽ ഇവിടങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ബിഎസ്എഫ് നിരോധിച്ചത്. അതേസമയം, അതിർത്തികളിലെ പതാക താഴ്ത്തൽ ഈ ​ദിവസങ്ങളിലും തുടർന്നിരുന്നെന്നും പൊതുജനങ്ങൾക്കുള്ള പ്രവേശനം മാത്രമാണ് റദ്ദാക്കിയതെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

പഞ്ചാബിലെ അമൃത്സറിലെ വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്.  

Related Stories

No stories found.
News Malayalam 24x7
newsmalayalam.com