
ഈ വർഷം അവസാനിക്കുന്നതിന് മുൻപ് അവസാനമായി ഒരു സൂപ്പർ മൂൺ കൂടി കാണാൻ തയ്യാറെടുക്കുകയാണ് ലോകം. ബീവർ മൂൺ എന്നറിയപ്പെടുന്ന ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂണിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ലോകവും വാനനിരീക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന ആ പ്രതിഭാസത്തെ ഒന്ന് അടുത്തറിഞ്ഞാലോ...
നവംബർ 15ന് സൂര്യാസ്തമയത്തിന് തൊട്ടു പിന്നാലെ ചന്ദ്രനുദിക്കും, ഏകദേശം 20 മിനുട്ടുകൾക്കുള്ളിൽ തന്നെ, അസാധാരണമായ തെളിച്ചത്തോടെ. എന്നാൽ, നവംബർ 16ന് പുലർച്ചയോടെയാണ് ചന്ദ്രനെ അതിൻ്റെ പൂർണരൂപത്തിൽ കാണാൻ കഴിയുക, കൃത്യമായി പറഞ്ഞാൽ, പുലർച്ചെ 2.59ന്...
എന്താണ് സൂപ്പർ മൂൺ?
ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയം ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പർ മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ പൂർണചന്ദ്രന് ഉണ്ടാകുന്നതിനേക്കാൾ വലുപ്പവും തെളിച്ചവും ആണ് സൂപ്പർ മൂണിന് ഉണ്ടാകുക.
ഈ വർഷം എത്ര സൂപ്പർ മൂണുകൾ? ബീവർ മൂൺ എന്ത്?
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സൂപ്പർ മൂൺ പ്രതിഭാസം ദൃശ്യമാകുക. ഈ വർഷം ആകെ നാല് സൂപ്പർ മൂണുകളാണുണ്ടായത്. ഓഗസ്റ്റിൽ സ്റ്റർജൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടർസ് മൂൺ എന്നിവയാണ് മുൻപുണ്ടായത്. ഈ വർഷത്തെ ഏറ്റവും തെളിച്ചമേറിയതും വലുപ്പമുള്ളതുമായ സൂപ്പർ മൂൺ ഹണ്ടർസ് മൂൺ ആയിരുന്നു.
സാധാരണ ചന്ദ്രനെ കാണാൻ സാധിക്കുന്നതിലും 14 ശതമാനത്തിലധികം വലുപ്പത്തോടെയും, 30 ശതമാനത്തിലധികം പ്രകാശത്തോടെയുമാണ് ബീവർ മൂൺ ദൃശ്യമാകുക. വടക്കൻ അമേരിക്കയിലെ ശൈത്യകാലത്തിൻ്റെ തുടക്കത്തെയാണ് ബീവർ മൂൺ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ, ബീവർ മൂണിന് സ്നോ മൂൺ, ഫ്രോസ്റ്റ് മൂൺ തുടങ്ങിയ പേരുകളുമുണ്ട്.
ബീവർ മൂണിനൊപ്പം എത്തുന്നതാര്?
നാളെ ആകാശത്ത് ദൃശ്യവിരുന്നൊരുക്കാൻ എത്തുന്നത് ബീവർ മൂൺ ഒറ്റയ്ക്കല്ല. സൂപ്പർ മൂണിനോടൊപ്പം സെവൻ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന പ്ലീയാഡ് നക്ഷത്രസമൂഹവുമെത്തും. നവംബർ 15 മുതൽ ചന്ദ്രൻ്റെ താഴെ ഇടതുവശത്തായാണ് ഈ നക്ഷത്രസമൂഹത്തെ കാണാൻ സാധിക്കുക. എന്നാൽ, നവംബർ 16ന് ചന്ദ്രനുദിക്കുമ്പോൾ ചന്ദ്രൻ്റെ വലതുവശത്താകും ഇവയുണ്ടാകുക.
അടുത്ത സൂപ്പർ മൂൺ ഇനിയെന്ന്?
ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂണാണ് ബീവർ. ഇത് മിസ് ആയാൽ ഇനിയെന്നെ ചിന്തയാകും വാനനിരീക്ഷകരുടെ പ്രധാന ചോദ്യം. 2025ലെ ആദ്യ സൂപ്പർ മൂൺ കാണാൻ സാധിക്കുക ഒക്ടോബറിലാണ്. ഒക്ടോബർ 7, നവംബർ 5, ഡിസംബർ 4 തീയതികളിലായി ആയിരിക്കും 2025ലെ സൂപ്പർ മൂണികൾ.