കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മമത ബാനര്‍ജി

മമത ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് നേരത്തെ തന്നെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.
കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മമത ബാനര്‍ജി
Published on



കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കൂടിക്കാഴ്ചയ്ക്കായി മമത ബാനര്‍ജി ഡോക്ടര്‍മാരെ ക്ഷണിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് യോഗം. 12-15 വരെയുള്ള  ഡോക്ടർമാരുടെ പ്രതിനിധികളുമായി ആയിരിക്കും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുകയെന്ന് ചീഫ് സെക്രട്ടറി മനോജ് പന്തിന്‍റെ കത്തിൽ പറയുന്നു.

മമത ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് നേരത്തെ തന്നെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. സ്വാസ്ഥ്യ ഭവനിലെ സംസ്ഥാന ആരോഗ്യ സെക്രട്ടേറിയറ്റിന് പുറത്താണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റു ചെയ്യുക, കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.

മമതാ ബാനര്‍ജി തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധി അനികേത് മണ്ഡല്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍ അയക്കുമെന്നും മുഖ്യമന്ത്രിയുമായി ഡോക്ടര്‍മാര്‍ക്ക് സംസാരിക്കണമെന്നും അനികേത് പറഞ്ഞു.

ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം അടക്കം സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ പുറത്താക്കണമെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യപ്പെടുന്നുണ്ട്.

ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ കോംപ്ലക്‌സില്‍ മരിച്ച നിലയില്‍ ജൂനിയര്‍ ഡോക്ടറുടെ മൃതേദഹം കണ്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അടക്കം സംഭവത്തിന്റെ ഗൗരവം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണുണ്ടായിരുന്നു.

സംഭവം അന്വേഷിക്കുന്നതില്‍ ബംഗാള്‍ പൊലീസിനും വീഴ്ച സംഭവിച്ചതായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ അടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com