ബംഗാളി നടിയുടെ കാർ ജനക്കൂട്ടം ആക്രമിച്ചു; പ്രതിഷേധിച്ച് സാംസ്കാരിക ലോകം

നേരത്തെ കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഋതുപർണ സെൻഗുപ്തയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു
ബംഗാളി നടിയുടെ കാർ ജനക്കൂട്ടം ആക്രമിച്ചു; പ്രതിഷേധിച്ച് സാംസ്കാരിക ലോകം
Published on


കൊൽക്കത്തയിൽ ജൂനിയർ വനിതാ ഡോക്ടറെ സർക്കാർ ആശുപത്രിയിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതിഷേധ വീഡിയോ പോസ്റ്റ് ചെയ്തതിന് ബംഗാളി നടി ഋതുപർണ സെൻഗുപ്തയ്ക്ക് ആക്രമണം. സോഷ്യൽ മീഡിയയിലെ സൈബർ അറ്റാക്കിന് പുറമെയാണ് താരത്തിന് തെരുവിൽ ആക്രമണം നേരിടേണ്ടി വന്നത്. നടിക്കെതിരായ ആക്രമണത്തെ സിനിമാ മേഖലയിലെ കലാകാരന്മാർ ഒന്നടങ്കം നിശിതമായി വിമർശിച്ചു.

കഴിഞ്ഞ ദിവസം വടക്കൻ കൊൽക്കത്തയിലെ ശ്യാംബസാറിൽ "റീക്ലെയിം ദി നൈറ്റ്" എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ പോയപ്പോൾ ജനക്കൂട്ടം നടിയുടെ കാർ അടിച്ചുതകർക്കുകയും ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. സ്ഥിതിഗതികൾ വഷളായപ്പോൾ പൊലീസും സെൻഗുപ്തയുടെ അംഗരക്ഷകരും ചേർന്നാണ് ഏറെ പണിപ്പെട്ട് ഇവരെ ഇവിടെ നിന്നും മാറ്റിയത്.

സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസുമായി അവർക്ക് അടുപ്പമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.അവരുടെ സിനിമകൾക്ക് തൃണമൂൽ കോൺഗ്രസ് പാർട്ടി പണം നൽകുന്നുണ്ടെന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ഒരു പൗരനെന്ന നിലയിൽ പ്രതിഷേധക്കാർക്കൊപ്പം ചേർന്നതാണെന്നും നടി പ്രതികരിച്ചു.

ആഗസ്റ്റ് 15ന് ഋതുപർണ സെൻഗുപ്ത പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് നടിയോട് പ്രതിഷേധം വന്നത്. അതിൽ ശംഖ് ഊതുന്നതും തുടർന്ന് പ്രതിഷേധ സന്ദേശം നൽകുന്നുമുണ്ട്. ഇതിൽ രാഷ്ട്രീയപരമായ വിമർശനമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരോപിക്കുന്നത്.

വിമർശനങ്ങളും അപകീർത്തികരമായ ട്രോളുകളും നേരിടേണ്ടി വന്നതോടെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. നേരത്തെ കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഋതുപർണ സെൻഗുപ്തയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com