അബദ്ധങ്ങള്‍ വിനയായി, പൊരുതിയതും വെറുതെയായി; ബെംഗളൂരുവിനോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്
അബദ്ധങ്ങള്‍ വിനയായി, പൊരുതിയതും വെറുതെയായി; ബെംഗളൂരുവിനോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്
Published on

കൊച്ചിയിലെത്തിയ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തകര്‍ന്നു. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം തോല്‍വിയാണിത്.

ബെംഗളൂരുവിന് വേണ്ടി എഡ്ഗര്‍ മെന്‍ഡസ് ഒര്‍ട്ടേഗ ഇരട്ട ഗോള്‍ നേടി. ബെംഗളുരുവിന് കടുത്ത വെല്ലുവിളിയാണ് ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയതെങ്കിലും മൂന്നില്‍ രണ്ട് ഗോളുകളും വഴങ്ങിയത് ഡിഫന്‍സീവ് മിസ്റ്റേക്കിലൂടെയാണെന്നത് ക്ഷീണമായി.

മത്സരം ആരംഭിച്ചതു മുതല്‍ ബെംഗളൂരുവാണ് മുന്നിട്ടു നിന്നത്. ഏഴാം മിനുട്ടില്‍ പ്രിതം കൊടാലിന്റെ പിഴവ് മുതലെടുത്ത് ജോര്‍ജ് പെരേര ഡയസിന്റെ ഗോളില്‍ ബംഗളൂരുവാണ് ലീഡ് നേടിയത്. കൊയെഫിന്റെ ബാക്ക് പാസ് സ്വീകരിച്ച കോട്ടലിന് പിഴച്ചു. പന്തില്‍നിന്നുള്ള നിയന്ത്രണം നഷ്ടമായി. പന്ത് ഡയസിന്റെ കാലില്‍. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഡയസ് പന്ത് വലയിലേക്ക് കോരിയിട്ടു.

ആദ്യ ഗോള്‍ വഴങ്ങിയ ശേഷം പ്രത്യാക്രമണത്തില്‍ ഊന്നിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജെസ്യൂസ് ഹിമനെസ് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സമനില ഗോള്‍ നേടി. പത്താം സീസണില്‍ ബെംഗളൂരു ഒരു ടീമിനോട് ആദ്യമായി ഗോള്‍ വഴങ്ങുന്നത് അപ്പോഴായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് അനായാസം മുന്നേറിയെങ്കിലും പ്രതിരോധത്തിലുറച്ചായിരുന്നു ബെംഗളൂരുവിന്റെ നീക്കം. ഇരുപത്തൊമ്പതാം മിനിറ്റില്‍ രാഹുല്‍ ബെക്കെയുടെ കൈയില്‍ പന്ത് തട്ടിയതിന് ബ്ലാസ്റ്റേഴ്‌സിന് ബോക്‌സിന് അരികെവച്ച് ഫ്രീകിക്ക് കിട്ടിയെങ്കിലും ലൂണയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. പിന്നാലെ പെപ്രയുടെ ഒന്നാന്തരം ക്രോസ് ബോക്‌സിലേക്ക്. എന്നാല്‍ ഹിമിനെസിന് അതില്‍ തലവയ്ക്കാനായില്ല. പെപ്രയുടെ മറ്റൊരു കരുത്തുറ്റ ഷോട്ട് ഗുര്‍പ്രീത് കുത്തിയകറ്റി. പന്ത് ബംഗളൂരു ബോക്‌സിനരികെ നിന്ന് നീങ്ങിയില്ല.


73-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു അബദ്ധം ബെംഗളൂരുവിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. അനായാസം കൈക്കലാക്കാവുന്ന പന്ത് ഗോള്‍ കീപ്പര്‍ സോം കുമാര്‍ നഷ്ടമാക്കിയതാണ് വിനയായത്. സോം കുമാറിന്റെ കൈകളില്‍ നിന്ന് വീണ പന്ത് എഡ്ഗര്‍ മെന്‍ഡസ് അനായാസം വലയിലാക്കി. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി.

മത്സരത്തിന്റെ അവസാന നിമിഷം വരെ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷം എഡ്ഗര്‍ തന്റെ ഇരട്ടഗോള്‍ നേടിയതോടെ മത്സരത്തില്‍ തീരുമാനവുമായി. ബെംഗളൂരുവിനെതിരായ തോല്‍വിയോടെ പട്ടികയില്‍ 8 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സുള്ളത്. 16 പോയിന്റുമായി ബെംഗളൂരു കുതിപ്പ് തുടരുകയാണ്.

മുഹമ്മദന്‍സിനെതിരെ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളാണ് കോച്ച് മിക്കേല്‍ സ്റ്റാറേ വരുത്തിയത്. മുന്നേറ്റത്തില്‍ നോഹ സൂദയിക്ക് പകരം ക്വാമി പെപ്രയെത്തി. രാഹുല്‍ കെപി, മുഹമ്മദ് അസ്ഹര്‍ എന്നിവരും പുറത്തിരുന്നു. ഡാനിഷ് ഫാറൂഖും റുയ്വ ഹോര്‍മിപാമുമെത്തി. ഗോള്‍വലയ്ക്ക് മുന്നില്‍ സോംകുമാര്‍ തുടര്‍ന്നു. പ്രതിരോധത്തില്‍ ഹോര്‍മിപാം, സന്ദീപ് സിങ്, പ്രീതം കോട്ടല്‍, നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, വിബിന്‍ മോഹനന്‍, അലെക്‌സാന്‍ഡ്രെ കൊയെഫ്, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ ഹെസ്യൂസ് ഹിമിനെസും പെപ്രയും.

ബംഗളൂരു ഗോള്‍മുഖത്ത് ഗുര്‍പ്രീത് സിങ് സന്ധു. പ്രതിരോധത്തില്‍ രാഹുല്‍ ബെക്കെ, അലെക്‌സാണ്ടര്‍ യൊവാനോവിച്ച്, നിഖില്‍ പൂജാരി, റോഷന്‍ സിങ്. മധ്യനിരയില്‍ പെഡ്രോ കാപോ, ആല്‍ബെര്‍ട്ടോ നൊഗുവേര, സുരേഷ് സിങ്, വിനിത് വെങ്കിടേഷ്. മുന്നേറ്റത്തില്‍ സുനില്‍ ഛേത്രിയും ജോര്‍ജ് പെരേര ഡയസും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com