
ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സിയുടെ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസ്. ടീം പൂര്‍ണ സജ്ജരാണെന്നും ഇന്ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ വിജയിച്ച് തുടങ്ങാമെന്നാണ് പ്രതീക്ഷയെന്നും റയാന്‍ വില്യംസ് പറഞ്ഞു
ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്നത് ആവേശകരമായ അനുഭവമാണ്. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് കുതിക്കാന്‍ ബെംഗളൂരു എഫ് സി പൂര്‍ണ സജ്ജമാണ്. കൃത്യമായ മുന്നൊരുക്കം നടത്തിയെന്നും എവേ മത്സരങ്ങളിലെ പിഴവുകള്‍ പരിഹരിക്കുകയാണ് പ്രധാനമെന്നും റയാന്‍ വ്യക്തമാക്കി.
ആദ്യ മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ബെംഗളൂരു എഫ്‌സി. എന്നാൽ ഐഎസ്എല്ലില്‍ ഇതുവരെ ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ ബെംഗളൂരുവിൻ്റെ ആദ്യ എതിരാളികളായ ഈസ്റ്റ് ബംഗാളിനായിട്ടില്ല.
ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി വൈകിട്ട് അഞ്ചിന് ഒഡിഷ എഫ്‌സിയെ നേരിടും. ഒഡിഷയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ചെന്നൈയ്‌ക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മൂന്ന് മത്സരങ്ങളും ജയിച്ചതിന്റെ ആവേശത്തിലാണ് ഒഡീഷ ഇന്നിറങ്ങുന്നത്. അതേസമയം ചെന്നൈയിന്‍ എഫ്‌സി ശക്തമായ ടീമുമായാണ് ഇത്തവണ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ റയാന്‍ എഡ്വാര്‍ഡ്‌സ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെക്കാള്‍ മികച്ച തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നതെന്നും ചെന്നൈ നായകന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായ ചെന്നൈയിന്‍ ഇത്തവണ ടീമിന്റെ മുന്നൊരുക്കത്തിലും ഹാപ്പിയാണ്. ഓരോ സീസണ്‍ കഴിയുന്തോറും ഐഎസ്എല്ലിന്റെ നിലവാരം ഉയരുന്നുണ്ടെന്നും റയാന്‍ എഡ്വാര്‍ഡ്‌സ് പറയുന്നു.