
ബെംഗളൂരുവിൽ അഞ്ച് സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. ബെംഗളൂരുവിലെ ജിഗാനിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഓഗസ്റ്റ് 4 മുതൽ 15 വരെ കാലയളവിലുള്ള കേസുകൾ ആണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സമീപ പ്രദേശങ്ങളിൽ പരിശോധനകൾ നടത്തുകയും തുടർന്ന് അഞ്ച് കേസുകൾ കൂടി കണ്ടെത്തുകയും ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മുൻകരുതൽ നടപടിയായി, കൊതുകുകളുടെ പ്രജനനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ധഹം പറഞ്ഞു.
ALSO READ: മുഖത്ത് ചുണങ്ങുകളും ചുവന്നുവീര്‍ത്ത പാടുകളും; യുഎസ്സില്‍ ആശങ്ക പരത്തി സ്ലാപ്പ്ഡ് ചീക്ക് വൈറസ്
അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂനെ നഗരത്തിൽ മാത്രം 66 സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായും, ഇതിൽ നാലുപേർ മരിച്ചതായും സിവിക് അധികൃതർ അറിയിച്ചു. എന്നാൽ ഓരോ കേസിലും മരണ കാരണം സിക വൈറസ് മാത്രമല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണുള്ളത്. കോശങ്ങൾ, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താം.