
പണം നൽകാതെ ബിവറേജസിൽ നിന്ന് മദ്യം കടത്തിയാൽ ഇനിമുതൽ പടി കടക്കുന്നതിന് മുന്നേ പിടിവീഴും. മോഷണം തടയാൻ മദ്യക്കുപ്പികളിൽ ലോക്ക് സംവിധാനം ഒരുക്കിയിരിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ. അടുത്തിടെ കൂടുതൽ മോഷണം നടന്ന തിരുവനന്തപുരം പവർ ഹൗസ് പ്രീമിയം ഔട്ട്‌ലെറ്റിലാണ് പരീക്ഷണം നടത്തുന്നത്. 60,000 രൂപയുടെ മദ്യമാണ് ഇവിടെ നിന്നും മോഷണം പോയത്.
1000 രൂപയ്ക്ക് മുകളിലുള്ള കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കുന്നത്. പണമടക്കുന്നതോടെ ലോക്ക് ജീവനക്കാർ നീക്കം ചെയ്യും. ഇല്ലെങ്കിൽ ഇതുപോലെ സൈറൺ മുഴങ്ങും. ഇങ്ങനെയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കണക്കെടുത്താൽ മോഷണത്തിലൂടെ ബെവ്കോയ്ക്ക് അടുത്തിടെ നഷ്ടമായത് നാല് ലക്ഷം രൂപയാണ്.
ഒരു മാസമാണ് പരീക്ഷണം നടത്തുക. തുടർന്ന് എല്ലാ പ്രീമിയം ഔട്ട്ലെറ്റിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ബെവ്കോ അറിയിച്ചു.