
ഡൽഹിയിലെ പരാജയത്തിന് പിന്നാലെ പഞ്ചാബ് ആംആദ്മി പാർട്ടിയിലും വിമതനീക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഡൽഹിയിൽ നടന്ന അടിയന്തര എഎപി യോഗത്തിന് ശേഷമാണ് ഭഗവന്ത് മാൻ മാധ്യമങ്ങളോട് സംസാരിച്ചത്. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാവ് മനീഷ് സിസോദിയ, പഞ്ചാബ് എംഎൽഎമാർ, മറ്റ് പ്രധാന നേതാക്കൾ എന്നിവർ ഡൽഹിയിലെ യോഗത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹി കപൂർത്തല ഹൗസിൽ കെജ്‌രിവാളും പഞ്ചാബ് എംഎൽഎമാരും ഒരുമിച്ച് പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയരുന്നത്. യോഗം വിളിച്ചുചേർത്തതിലൂടെ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. കെജ്‌രിവാൾ ഭഗവന്ത് മാനെ കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി പുറത്താക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു രജൗരി ഗാർഡനിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മഞ്ജീന്ദർ സിങ് സിർസയുടെ അവകാശവാദം.
"ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് എംഎൽഎമാരുടെ ഒരു യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കഴിവില്ലാത്തവനെന്ന് മുദ്രകുത്തി ഭഗവന്ത് മാൻ ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കെജ്‌രിവാൾ പരാജയപ്പെട്ടു, മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിൽ പരാജയപ്പെട്ടു, പഞ്ചാബിന്റെ സ്ഥിതി കൂടുതൽ വഷളാക്കി. ഇപ്പോൾ, എല്ലാ പരാജയങ്ങളും ഭഗവന്ത് മാന്റെ മേൽ ചുമത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. താൻ ഒരു നല്ല മനുഷ്യനാണെന്നും പകരം തന്നെ മുഖ്യമന്ത്രിയാക്കണമെന്നും കെജ്‌രിവാൾ എഎപി പഞ്ചാബ് എംഎൽഎമാരെക്കൊണ്ട് പറയിപ്പിക്കുകയാണ്," ബിജെപി നേതാവ് പറഞ്ഞു.
എന്നാൽ ഈ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പുഞ്ചിരി നൽകികൊണ്ടായിരുന്നു ഭഗവന്ത് മാൻ്റെ മറുപടി. അവർ തോന്നുന്നത് പറയട്ടെയെന്ന് പറഞ്ഞ ഭഗവന്ത്, പഞ്ചാബ് സർക്കാർ സ്ത്രീകൾക്ക് എല്ലാ മാസവും 1,000 രൂപ നൽകുമെന്ന വാഗ്ദാനം പാലിക്കുമെന്നും ഉറപ്പുനൽകി.
പഞ്ചാബിലെ 20-ലധികം എഎപി എംഎൽഎമാരുമായി തനിക്ക് ഇന്നും ബന്ധമുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വയുടെ അവകാശവാദത്തിനും മുഖ്യമന്ത്രി മറുപടി നൽകി. "ഏകദേശം മൂന്ന് വർഷമായി പ്രതാപ് ബജ്‌വ ഇത് പറയുന്നുണ്ട്. ഡൽഹിയിലെ കോൺഗ്രസ് എംഎൽഎമാർ എത്രയുണ്ടെന്ന് മൂന്ന് തവണ എണ്ണാൻ അദ്ദേഹത്തോട് ആവശ്യപ്പെടൂ," ഡൽഹി തെരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും നേടാതെ പോയ കോൺഗ്രസിന്റെ ഹാട്രിക് തോൽവിയെ പരിഹസിച്ചുകൊണ്ട് ഭഗവന്ത് പറഞ്ഞു.
ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ചും പഞ്ചാബ് മുഖ്യമന്ത്രി സംസാരിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയുടെ പ്രചാരണത്തിനായി അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് കെജ്‌രിവാൾ നന്ദി പറഞ്ഞു. ഡൽഹിയിൽ എഎപി ഒരുപാട് പ്രവർത്തിച്ചു, പക്ഷേ വിജയങ്ങളും തോൽവികളും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഡൽഹിയിലെ ജനങ്ങളുടെ വിധി ഞങ്ങൾ അംഗീകരിക്കുന്നു, ഇപ്പോൾ പഞ്ചാബിനെ ഒരു മാതൃകാ സംസ്ഥാനമാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു," ഭഗവന്ത് മാൻ പറഞ്ഞു. എല്ലാ എംഎൽഎമാരും കെജ്‌രിവാളിനെ കാണാൻ ആഗ്രഹിച്ചതിനാലാണ് യോഗത്തിനായി ഡൽഹിയിലെത്തിയതെന്നും ഭഗവന്ത് വ്യക്തമാക്കി.