കേന്ദ്രമന്ത്രി റാംദാസ് അത്താവ്‌ലെ
കേന്ദ്രമന്ത്രി റാംദാസ് അത്താവ്‌ലെ

ഹത്രസില്‍ മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ നഷ്ടപരിഹാരം നൽകണം: കേന്ദ്രമന്ത്രി റാംദാസ് അത്താവ്‌ലെ

ഇരകളുടെ കുടുംബത്തിലെ ഒരാൾക്ക് ഉത്തർപ്രദേശ് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Published on

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശിലെ എന്‍ഡിഎ നേതാവുമായ റാംദാസ്അത്താവ്‌ലെ രംഗത്ത്. ഇരകളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹത്രസ് സന്ദര്‍ശനത്തിന് ശേഷം എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അത്താവ്‌ലെ തന്റെ ആവശ്യം അറിയിച്ചത്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജൂലായ് 3നാണ് ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ സത്സംഗത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ ദേവപ്രകാശ് മധൂകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

എന്നാല്‍ ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് ഭോലെ ബാബയുടെ വാദം. ഗൂഢാലോചനാ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, സംഘാടകരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായെന്നാണ് ഇതുവരെ ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അനുപം കുല്‍ശ്രേഷ്ഠ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

News Malayalam 24x7
newsmalayalam.com