
ഒരേ സമവാക്യങ്ങള്‍ പയറ്റി പരാജയപ്പെട്ട രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് കമൽനാഥും, ഭൂപീന്ദർ സിംഗ് ഹൂഡയും. ഹൂഡയ്ക്ക് ഹരിയാനയിലെങ്കിൽ കമൽനാഥിന് മധ്യപ്രദേശിലാണ് അടിതെറ്റിയത്. ഇരുനേതാക്കളിലും തുടർച്ചയായി വിശ്വാസമർപ്പിച്ച് മുന്നോട്ട് നീങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിന് സംഭവിച്ചത് തിരുത്താനാവാത്ത പിഴവുകളാണ്.
2023 നവംബറിലെ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ ജയമുറപ്പിച്ചിരിക്കുകയായിരുന്നു കോൺഗ്രസ്. കോൺഗ്രസ് സംസ്ഥാന ഘടകത്തിൻ്റെ പൂർണ നിയന്ത്രണവും അന്നത്തെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായിരുന്ന കമൽനാഥിന് ഹൈക്കമാൻഡ് നൽകിയിരുന്നു. അന്ന്, ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പോരിൽ സർക്കാരിനെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടിട്ടും പാർട്ടി കമൽനാഥിൽ വിശ്വാസമർപ്പിച്ചു. ഭരണവിരുദ്ധത, അഴിമതി, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി ബിജെപിയെ തകർക്കാനുള്ള എല്ലാ ആയുധങ്ങളും കോൺഗ്രസിനുണ്ടായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 230 നിയമസഭാ സീറ്റുകളിൽ 163 സീറ്റുകളിലും ബിജെപി വിജയിച്ചു. കോൺഗ്രസിന് നേടാനായത് വെറും 66 സീറ്റുകൾ മാത്രം.
തോൽവിക്ക് പാർട്ടി കമൽനാഥിനോട് പകരം ചോദിച്ചു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി പകരം ജിതു പട്വാരിയെ നിയമിച്ചു. അന്നത്തെ കമൽനാഥാണ് ഇന്നത്തെ ഭൂപീന്ദർ സിംഗ് ഹൂഡ. 2014 വരെ 10 വർഷത്തോളം ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഹൂഡ. അതുകൊണ്ട് തന്നെ 2019 ലെയും 2024ലെയും തെരഞ്ഞെടുപ്പുകളിൽ ഹൂഡയ്ക്കായിരുന്നു കോൺഗ്രസ് പ്രചരണത്തിൻ്റെ ചുമതല. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ സ്ഥാനാർഥികളിൽ ഭൂരിഭാഗവും ഹൂഡ ക്യാമ്പിൽ നിന്നുള്ളവരായിരുന്നു.
കുമാരി സെൽജയും രൺദീപ് സിംഗ് സുർജേവാലയും മുന്നോട്ട് വച്ച സ്ഥാനാർഥി പട്ടിക അവഗണിച്ച്, പാർട്ടി ഹൂഡയിൽ പൂർണ വിശ്വാസമർപ്പിച്ചു. ഹൂഡയുടെ വോട്ടുബാങ്കായ ജാട്ട് വോട്ടുകൾ ഹരിയാനയിൽ വീണ്ടും അധികാരത്തിലെത്താൻ സഹായിക്കുമെന്നും കോൺഗ്രസ് വിശ്വസിച്ചു. എന്നാൽ ഇത്തവണ കണക്കൂകൂട്ടലുകളൊക്കെ തെറ്റി. കമൽനാഥിന് പകരം ജിതു പട്‌വാരിയെ നിയമിച്ചാണ് കോൺഗ്രസ് മധ്യപ്രദേശിൽ തിരുത്തിയത്. മൂന്നാം തവണയും ബിജെപിക്ക് വിട്ടുകൊടുക്കേണ്ടിവന്ന ഹരിയാനയിൽ കോൺഗ്രസ് എന്ത് തിരുത്തലാകും നടത്തുക എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.