മൺസൂണും, പ്രളയവുമടക്കമുള്ള മഴക്കെടുതികള്‍ വലച്ചു; രാജ്യത്തെ എണ്ണവിൽപ്പനയിൽ വൻ ഇടിവ്

ഇക്കഴിഞ്ഞ മഴക്കാലം ഇന്ധനവിപണിയെ കാര്യമായി തന്നെ ബാധിച്ചെന്ന് കാണിക്കുകയാണ് കണക്കുകൾ
മൺസൂണും, പ്രളയവുമടക്കമുള്ള മഴക്കെടുതികള്‍ വലച്ചു; രാജ്യത്തെ എണ്ണവിൽപ്പനയിൽ വൻ ഇടിവ്
Published on



ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും വിപണിയുമാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ എണ്ണവിപണിയിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 10 ശതമാനത്തിലധികം ഇടിവാണ് ഈ മാസം പകുതി പിന്നിടുമ്പോൾ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസലും, പെട്രോളും, പാചകവാതകവുമടക്കം എണ്ണ വിൽപ്പനയിലപ്പാടെ ഇടിവുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്.

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന ഇന്ത്യയിലെ കടുത്ത മൺസൂൺ കാലത്ത് ഗതാഗതത്തിലും വ്യാവസായിക ആവശ്യങ്ങളിലും ഇടിവ് വരുന്നതുകൊണ്ട് ഇന്ധനവിപണി തളരുന്നത് സ്വഭാവികമാണ്. എന്നാൽ ഇക്കഴിഞ്ഞ മഴക്കാലം ഇന്ധനവിപണിയെ കാര്യമായി തന്നെ ബാധിച്ചെന്ന് കാണിക്കുകയാണ് കണക്കുകൾ.


പ്രളയമടക്കം മഴക്കെടുതികളും വലച്ച സംസ്ഥാനങ്ങളിലെല്ലാം ഡീസലിന് ആവശ്യക്കാർ കുറഞ്ഞു. സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ച് ഈ മാസം ആദ്യ പകുതിയിൽ 2.4 ദശലക്ഷം മെട്രിക് ടൺ ഡീസലാണ് ചില്ലറവിപണിയിൽ വിറ്റഴിച്ചത്. ഓഗസ്റ്റിൽ ഇതേസമയം വിറ്റുപോയതിൽ നിന്ന് നാല് ശതമാനത്തിൻറെ കുറവുണ്ടിത്. മുൻവർഷത്തെ കണക്കുനോക്കുകയാണെങ്കിൽ 12.3 ശതമാനത്തിൻറെ വലിയ ഇടിവ്.

പെട്രോളിൽ വിൽപ്പന ഇതുവരെ 1.23 ദശലക്ഷം മെട്രിക് ടണ്ണാണ്. കഴിഞ്ഞമാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തിയാൽ വലിയ വ്യത്യാസമില്ല. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ കണക്കുമായി തട്ടിച്ചുനോക്കിയാൽ വിൽപ്പനയിൽ 5.1 ശതമാനത്തിൻറെ കുറവുണ്ട്.

ഇന്ത്യയിലെ എൽപിജിയുടെ ചില്ലറ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത്- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്നു കമ്പനികളാണ്. സെപ്റ്റംബർ ആദ്യപകുതിയിൽ 1.32 ദശലക്ഷം മെട്രിക് ടൺ എൽപിജി- പാചകവാതകമാണ് ഇവർ വിറ്റഴിച്ചത്. ഓഗസ്റ്റിലേതിനേക്കാൾ 3.3% വർധനവുണ്ടായി.

എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.9% ശതമാനത്തിൻറെ കുറവ് അപ്പോഴുമുണ്ട്. സ്വകാര്യ ഉപയോഗത്തിലെ കുറവിനേക്കാൾ, ഈ മഴക്കാലം, രാജ്യത്തെ വ്യാവസായിക - വാണിജ്യ രംഗത്തെ നന്നായി ബാധിച്ചു എന്നാണ് പതിവിലേക്കാൾ ശോഷിച്ച കണക്കുകൾ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com