
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന കേന്ദ്ര സര്‍ക്കാറിന്റെ പരിവാഹന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടു. പരിവാഹന്‍ പോര്‍ട്ടലിലെ ഡാറ്റ ചോര്‍ച്ചയുണ്ടായതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ന്യൂസ് മലയാളത്തിന്.
ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളുമടക്കമാണ് പോര്‍ട്ടലില്‍ നിന്ന് ചോര്‍ന്നത്. പരിവാഹന്‍ പോര്‍ട്ടലിലെ ഡാറ്റകള്‍ ടെലഗ്രാമില്‍ വില്‍പ്പനക്കു വെച്ചിട്ടുണ്ട്. വില്‍പ്പനക്കായി നല്‍കിയ വീഡിയോ പരസ്യവും ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. പരിവാഹന്‍ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് പരിമിതമായ വിവരങ്ങള്‍ മാത്രമാണ്. വാഹനങ്ങളുടെ ചേസിസ് നമ്പറും എന്‍ജിന്‍ നമ്പറുമടക്കം ടെലഗ്രാമില്‍ ലഭ്യമാണ്. ഒരു മാസം മുമ്പാണ് ടെലഗ്രാം ചാനല്‍ തുടങ്ങിയത്. നിലവില്‍ 32,000ലധികം സബ്‌സ്‌ക്രൈബേഴ്‌സ് ചാനലിലുണ്ട്.
ഫാസ്റ്റ് ടാഗ് വിവരങ്ങളും, ചലാന്‍ വിവരങ്ങളും ടെലഗ്രാം ബോട്ടില്‍ ലഭിക്കുന്നു. ടെലഗ്രാം ബോട്ട് ഉപയോഗിച്ച് രണ്ട് തവണ സൗജന്യമായി ഒരാള്‍ക്ക് ഏത് വ്യക്തിയുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാവും. കൂടുതല്‍ പണമടച്ചാല്‍ കൂടുതല്‍ പേരുടെ വിവരങ്ങളും ലഭ്യമാവാനുള്ള സംവിധാനവും ഒരുങ്ങുന്നു. വിവരങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള 'ഐഡി' യും ടെലഗ്രാം ബോട്ടില്‍ ലഭ്യമാണ്.