
ദുബായിൽ നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി. ചാംപ്യൻഷിപ്പിന് മുന്നോടിയായി ജസ്പ്രീത് ബുമ്ര ഇൻ്റർനാഷണൽ പരമ്പരയ്ക്കായി 100% ഫിറ്റാവുകയാണെങ്കിൽ അതൊരു അത്ഭുതമായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുതൽ ബുമ്ര നടുവേദനയുമായി മല്ലിടുകയാണ്.
ഇന്ത്യയുടെ സ്റ്റാർ പേസർ ന്യൂസിലൻഡിലെ ഡോ. റോവൻ ഷൗട്ടനുമായി ബന്ധപ്പെട്ടിരുന്നതായും ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി ചികിത്സയ്ക്കായി അങ്ങോട്ട് പോയേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ടൂർണമെൻ്റിൻ്റെ സമയത്ത് അദ്ദേഹം 100% ഫിറ്റാകാനുള്ള സാധ്യത കുറവായതിനാൽ, ബിസിസിഐ ഒരു ബാക്കപ്പ് പ്ലാൻ തയ്യാറാക്കുകയാണെന്നാണ് വിവരം.
ഹർഷിത് റാണയെയും മുഹമ്മദ് സിറാജിനെയുമാണ് പകരം പരിഗണിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമിൻ്റെ ഭാഗമാണ് ഹർഷിത്. ബുമ്ര വേഗത്തിൽ സുഖം പ്രാപിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫി ടീമിലും ഹർഷിതിനെ തിരഞ്ഞെടുത്തേക്കും. 2022ലെ ടി20 ലോകകപ്പ് പരിക്കേറ്റതിനെ തുടർന്ന് നഷ്ടമായ ബുമ്രയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ഷൗട്ടൻ ആയിരുന്നു.