"നിതീഷ് കുമാറിനായി ഇന്ത്യാ സഖ്യത്തിലെ വാതിലുകൾ തുറന്നുകിടക്കുകയാണ്"; വിവാദത്തിന് തിരികൊളുത്തി ലാലു പ്രസാദ് യാദവിൻ്റെ പ്രസ്താവന

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാലു പ്രസാദ് യാദവിൻ്റെ വിവാദ പരാമർശം
"നിതീഷ് കുമാറിനായി ഇന്ത്യാ സഖ്യത്തിലെ വാതിലുകൾ തുറന്നുകിടക്കുകയാണ്"; വിവാദത്തിന് തിരികൊളുത്തി ലാലു പ്രസാദ് യാദവിൻ്റെ പ്രസ്താവന
Published on

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ ബ്ലോക്കിലേക്ക് ക്ഷണിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിനായി ഇന്ത്യാ ബ്ലോക്കിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു ലാലു പ്രസാദ് യാദവിൻ്റെ പ്രസ്താവന. എന്നാൽ ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വിശദീകരണം നൽകാതെ, നിങ്ങൾ എന്താണ് പറയുന്നതെന്ന് മറുചോദ്യം ചോദിച്ചായിരുന്നു നിതീഷ് കുമാർ മറുപടി നൽകിയത്.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാലു പ്രസാദ് യാദവിൻ്റെ വിവാദ പരാമർശം. "നിതീഷ് കുമാറിനായി ഞങ്ങളുടെ വാതിലുകൾ തുറന്ന് കിടക്കുകയാണ്. അദ്ദേഹവും ഗേറ്റുകളും തുറക്കണം," യാദവ് പറഞ്ഞു. ഇതോടെ ബിഹാറിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ബഡാ ഭായ്, ഛോട്ടാ ഭായ് എന്ന് വിളിക്കപ്പെടുന്ന നേതാക്കൾ തമ്മിലുള്ള മറ്റൊരു സഖ്യം രൂപപ്പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്.

ഇടക്കിടെ സഖ്യം മാറുന്ന നിതീഷ് കുമാറിൻ്റെ രാഷ്ട്രീയ ചരിത്രം ബന്ധപ്പെടുത്തിയായിരുന്നു ലാലു പ്രസാദ് യാദവിൻ്റെ പരാമർശം. ജെഡിയു നേതാവായ നിതീഷ് കുമാർ എൻഡിഎയുമായി സഖ്യം ചേരുന്നതിന് മുൻപായി, രണ്ടുതവണ ആർജെഡിയുമായി സഖ്യമുണ്ടാക്കിയിരുന്നു.

എന്നാൽ ആർജെഡി നേതാക്കളും, എൻഡിഎയും ലാലു പ്രസാദിൻ്റെ പ്രസ്താവന തള്ളിയിരിക്കുകയാണ്. ഈ പ്രസ്താവന മാധ്യമങ്ങളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താനായി മാത്രമാണെന്നാണ്
ലാലു പ്രസാദ് യാദവിൻ്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നൽകുന്ന വിശദീകരണം. നിങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറ്റെന്ത് മറുപടി നൽകണമെന്നായിരുന്നു പുതിയ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച തേജസ്വി യാദവ് പറഞ്ഞത്.

ലാലു പ്രസാദിൻ്റെ പരാമർശം കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലൻ സിങും തള്ളിയിരിക്കുകയാണ്. ജെഡിയുവും ബിജെപിയും ഒരുമിച്ചുള്ള എൻഡിഎ ശക്തമാണ്. ഇതൊരു സ്വതന്ത്ര രാജ്യമാണെന്നും, ജനങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാമെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com