ബിഹാറിന് പ്രത്യേക പദവി വേണം; ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതിയതല്ല. ബിഹാര്‍ നേരിടുന്ന അസാധാരണമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന, സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നിര്‍ണായക ചുവടാണതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ബിഹാറിന് പ്രത്യേക പദവി വേണം; ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം
Published on

ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജനതാദള്‍ യുണൈറ്റഡിന്‍റെ (ജെഡിയു) ദേശീയ എക്‌സിക്യൂട്ടീവ് യോഗം അവസാനിച്ചു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തികവും വികസനപരവുമായ തുല്യതയില്ലായ്മകള്‍ ചൂണ്ടിക്കാട്ടി ഏറെ നാളായി മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടു വരികയാണ്.

"ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതിയതല്ല. ബിഹാര്‍ നേരിടുന്ന അസാധാരണമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന, സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നിര്‍ണായക ചുവടാണത്", യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറിലെ സംവരണ ക്വാട്ട സംരക്ഷിക്കുന്നതിന്‍റെ ആവശ്യകത പ്രമേയം എടുത്തു പറയുന്നു. സംവരണ ശതമാനം 65 ആയി ഉയര്‍ത്തിയ ബിഹാര്‍ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സംവരണ ക്വാട്ടയെ ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ജുഡീഷ്യറിയുടെ വിചാരണകളില്‍ നിന്നും ഒഴിവാക്കി തടസങ്ങളില്ലാതെ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് ജെഡിയു നിര്‍ദേശം.

നീറ്റ് പരീക്ഷ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. പരീക്ഷ നടത്തിപ്പിലെ വീഴ്ചകളില്‍ ആശങ്ക അറിയിച്ച ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിഷയത്തില്‍ സൂക്ഷ്മമായ പരിശോധനയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com