ഈ ഹര്‍ജി എങ്ങനെ നിലനില്‍ക്കും?; ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

തികച്ചും തെറ്റിദ്ധാരണാജനകമാണ് ഈ വിധിയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ഈ ഹര്‍ജി എങ്ങനെ നിലനില്‍ക്കും?; ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
Published on

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗകേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. രാധേശ്യാം ഭഗവന്ത ദാസ്, രാജുഭായ് ബാബു ലാല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ ജനുവരിയിലെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.

എന്താണ് ഈ ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സുപ്രീം കോടതി പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ചോദിച്ചത്. മറ്റൊരു സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഈ ഹര്‍ജി എങ്ങനെ നിലനില്‍ക്കും? തികച്ചും തെറ്റിദ്ധാരണാജനകമാണ് ഈ വിധിയെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മാര്‍ച്ചിലാണ് കേസിലെ രണ്ട് പ്രതികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നാണ് പ്രതികള്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി തന്നെ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി.

ഗുജറാത്ത് വംശഹത്യയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. കേസിലെ 11 പ്രതികളില്‍പ്പെട്ടവരാണ് രാധേശ്യാമും രാജുഭായിയും. പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടിരുന്നു. 2022ലെ സ്വാതന്ത്രദിനത്തിനാണ് ഇവരെ ജയിലിലെ 'നല്ല നടപ്പ്' ചൂണ്ടിക്കാണിച്ച് വെറുതെ വിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്.

എന്നാല്‍ ഈ നടപടിക്കെതിരെ ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് അജയ് റസ്‌തോഗിയാണ് വിധി പുറപ്പെടുവിച്ചത്. 11 പ്രതികളെയും ഉടന്‍ ജയിലിലേക്ക് തിരിച്ചെത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളായ രാധേ ശ്യാമും രാജുഭായിയും ജനുവരിയിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് മാര്‍ച്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഇടക്കാല ജാമ്യ ഹര്‍ജിയും പ്രതികള്‍ ഇതിനോടൊപ്പം സമര്‍പ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com