ബിൽക്കിസ് ബാനു കേസ്: പതിറ്റാണ്ടുകൾക്കിപ്പുറവും തുടരുന്ന പോരാട്ടം

2022 ആ​ഗസ്റ്റ് 15ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകിയ ​ഗുജറാത്ത് സർക്കാർ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച, ഇടക്കാല ജാമ്യഹ‍ർജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.
ബിൽക്കിസ് ബാനു കേസ്: പതിറ്റാണ്ടുകൾക്കിപ്പുറവും തുടരുന്ന പോരാട്ടം
Published on

രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ബിൽക്കിസ് ബാനു കേസ് വാർത്തകളിൽ സജീവമായി തുടരുകയാണ്. ബിൽക്കിസ് ​ബാനു കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച പതിനൊന്ന് പ്രതികളിലെ രണ്ട് പേർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിച്ചതിനെ തുടർന്നാണ് വീണ്ടും കേസ് ചർച്ചകളിൽ ഇടം പിടിക്കുന്നത്. 2022 ആ​ഗസ്റ്റ് 15ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിക്കൊണ്ടുള്ള ​ഗുജറാത്ത് സർക്കാർ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച, ഇടക്കാല ജാമ്യഹ‍ർജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.

ബിൽക്കിസ് ബാനു കേസിൻ്റെ നാൾവഴികൾ ഇങ്ങനെ...

2002 മാർച്ച് മൂന്ന്- ഗുജറാത്ത് ​ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സം​ഗം ചെയ്യുകയും, ഏഴ് പേരടങ്ങുന്ന ബാനുവിൻ്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസും, അവർ അഞ്ച് മാസം ഗർഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളിൽ അവരുടെ മൂന്ന് വയസുള്ള മകളും ഉൾപ്പെടുന്നു. ബിൽക്കിസ് ബാനുവിൻ്റെ കൺമുന്നിൽ വെച്ചാണ് പ്രതികൾ മകളെ നിലത്തടിച്ച് കൊലപ്പെടുത്തിയത്.

2003 ഡിസംബർ- പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ, ബിൽക്കിസ് ബാനു കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

2008 ജനുവരി 21- ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും, അവളുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് 13 പേരെ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി, അതിൽ പതിനൊന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2016 ഡിസംബർ- ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 തടവുകാർ സമർപ്പിച്ച അപ്പീലിൽ ബോംബെ ഹൈക്കോടതി വിധി മാറ്റിവെച്ചു.

2017 മെയ്- ബോംബെ ഹൈക്കോടതി 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു.

2019 ഏപ്രിൽ 23- ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ​ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

2022 മെയ് 13- കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ ഇളവുനൽകി. 1992ലെ റിമിഷൻ പോളിസിയുടെ അടിസ്ഥാനത്തിൽ സർക്കാർ മോചനത്തിന് ഉത്തരവിട്ടു.

2022 ആ​ഗസ്റ്റ് 15- പതിനൊന്ന് പ്രതികളും ഗോധ്ര സബ് ജയിലിൽ നിന്ന് മോചിതരായി.

2022 ആ​ഗസ്റ്റ് 25- കുറ്റവാളികളെ ഇളവ് നൽകി വിട്ടയച്ചതിനെതിരെ മുൻ സിപിഐ എംപി സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലാൽ, പ്രൊഫസർ രൂപ് രേഖ വർമ എന്നിവർ സംയുക്തമായി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, സുപ്രീം കോടതി കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും നോട്ടീസ് അയച്ചു.

2022 നവംബർ 30- ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകി.

2022 ഡിസംബർ 17- കൂട്ടബലാത്സംഗക്കേസിലെ പ്രതി സമർപ്പിച്ച അകാല മോചനത്തിനുള്ള അപേക്ഷ പരിശോധിക്കാൻ ഗുജറാത്ത് സംസ്ഥാനമാണ് അനുയോ​ജ്യമെന്ന് പറയുന്ന മെയ് 13ലെ വിധി പുനഃപരിശോധിക്കാൻ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

2023 മാർച്ച് 27- ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിനും, ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

2023 ആ​ഗസ്റ്റ് 7- ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ സുപ്രീം കോടതി അന്തിമ വാദം ആരംഭിച്ചു.

2023 ഒക്ടോബർ 12- ബിൽക്കിസ് ബാനു സമർപ്പിച്ചത് ഉൾപ്പെടെയുള്ള ഹർജികൾ, 11 ദിവസത്തെ വാദം കേൾക്കലിന് ശേഷം സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചു.

2024 ജനുവരി 8- പ്രതികളുടെ മോചനം റദ്ദാക്കി സുപ്രീം കോടതി വിധിച്ചു. 1992ലെ റിമിഷൻ പോളിസിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മോചനത്തിന് ഉത്തരവിട്ടത്. എന്നാൽ, 2014ലെ നിയമം അത് അസാധുവാക്കുമെന്ന് കോടതി പറഞ്ഞു. പ്രതികൾ രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.  

2024 ജനുവരി- ബിൽക്കിസ് ബാനു കേസ് പ്രതികൾ വീണ്ടും ജയിലിൽ കീഴടങ്ങി.

2024 മാർച്ച്- ജനുവരിയിലെ വിധി ഭരണഘടനാ ബെഞ്ചിൻ്റെ 2022ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ഉന്നയിച്ച് പ്രതികളായ രാധേശ്യാം ഭഗവന്ത്ദാസും, രാജുഭായ് ബാബുലാലും കോടതിയെ സമീപിച്ചു. ഗുജറാത്ത് സർക്കാറിൻ്റെ ശിക്ഷായിളവ് റദ്ദാക്കിയ വിഷയം വിശാലബെഞ്ചിന് വിടണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.

2024 ജൂലൈ 19- പ്രതികളായ രാധേശ്യാം ഭ​ഗവന്ത്ദാസിൻ്റെയും, രാജുഭായ് ബാബുലാലിൻ്റെയും ഇടക്കാല ജാമ്യഹ‍ർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും, സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച്, ഈ ഹർജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്നും, സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്മേൽ എങ്ങനെയാണ് അപ്പീലിൽ ഇരിക്കാൻ കഴിയുകയെന്നും ചോദിച്ചു.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com