മദ്രസ വിവാദം മതസ്പർദ്ധക്ക് കാരണമാകും, വിവാദ ഉത്തരവ് പിൻവലിക്കണമെന്നാണ് സിപിഐ നിലപാട്: ബിനോയ് വിശ്വം

ശബരിമലയിൽ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. സ്പോട്ട് ബുക്കിംഗ് കൂടി ഉണ്ടാകണം എന്നാണ് സിപിഐ നിലപാടെന്നും അദ്ദേഹം പറഞ്ഞു
മദ്രസ വിവാദം മതസ്പർദ്ധക്ക് കാരണമാകും, വിവാദ ഉത്തരവ് പിൻവലിക്കണമെന്നാണ് സിപിഐ നിലപാട്: ബിനോയ് വിശ്വം
Published on

മദ്രസ വിവാദം മതസ്പർദ്ധക്ക് കാരണമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബാലവകാശ കമ്മിഷൻ നിർദേശം ആപൽക്കരമാണ്. വിവാദ ഉത്തരവ് പിൻവലിക്കണമെന്നാണ് സിപിഐ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശബരിമല വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിൽ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു. സ്പോട്ട് ബുക്കിംഗ് കൂടി ഉണ്ടാകണം എന്നാണ് സിപിഐ നിലപാട്. ശബരിമല ആയുധമാക്കാൻ ബിജെപിക്കും ആർഎസ്എസിനും അവസരം ഉണ്ടാക്കാൻ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അതിനു പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്തുകൊണ്ടുവരണം എന്ന ആവശ്യത്തിൽ തന്നെയാണ് സിപിഐ നിലകൊള്ളുന്നത്. പൂരം കലക്കലിലെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം തള്ളിയതിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അൻവറിനെ പോലുള്ളവരെ കൊട്ടിഘോഷിക്കുന്നത് അപകടം ഉണ്ടാക്കുമെന്ന് മനസിലാക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കൂട്ടാൻ പിആർ ഏജൻസിയെ വെച്ചിട്ടില്ല. ദി ഹിന്ദു പത്രത്തിൻ്റെ പ്രതിനിധിക്കാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. പിആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെന്നും അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളം. കേരളം വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. മുഖ്യമന്ത്രി മലപ്പുറം വിവാദ പരാമർശം നടത്തിയിട്ടില്ലെന്ന് പറഞ്ഞതാണ്. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ആനി രാജയ്ക്ക് എതിരായ വിമർശനത്തിലും അദ്ദേഹം വിശദീകരണം നൽകി.ആനി രാജ പാർട്ടി നേതാവാണ്. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വവുമായി ആലോചിക്കണം. വിഷയത്തിൽ കത്തയച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com