
എഡിജിപി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. ഡിജിപിയുടെ റിപ്പോർട്ട് വരും വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി സിപിഐയോട് ആവശ്യപ്പെട്ടതായും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ശക്തമായ സമ്മർദ്ദം, തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് എഡിജിപിക്ക് ഗുരുതര വീഴ്ചകൾ ഉണ്ടായെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് എന്നിവയുടെ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
രണ്ടുദിവസത്തിനുള്ളിൽ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റാനാണ് സാധ്യത. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ഇന്നലെ എകെജി സെന്ററിലെത്തി കൂടിക്കാഴ്ച നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോടും മുഖ്യമന്ത്രി തീരുമാനം അറിയിച്ചിരുന്നു.
സാങ്കേതികപരവും നിയമപരവുമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ക്രമസമാധന ചുമതലയില്‍ നിന്ന് നീക്കിയാല്‍ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ അജിത് കുമാറിനെ നിയമിക്കാനാണ് സാധ്യത.