
കേരളത്തിലെ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിക്കും മുന്നേ നേതാക്കൾ അഭിപ്രായം പറയേണ്ടെന്ന മുന്നറിയിപ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം ആനി രാജ കേരളത്തിലെ കാര്യങ്ങൾ സംസാരിക്കാനെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. കെ.ഇ. ഇസ്മയിലിനെതിരെ നടപടി വേണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തള്ളി.
സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ സംസ്ഥാന സെക്രട്ടറിക്ക് മുന്നേ നിലപാട് പറയലായിരുന്നു ചില നേതാക്കളുടെ രീതി. അതിനി വേണ്ടെന്ന് വ്യക്തമാക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി നിലപാട് പറയാൻ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കിൽ അങ്ങനെ. മറ്റാരെങ്കിലുമാണെങ്കിൽ അയാൾ എന്നത് പാലിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിലിന് ശേഷമുള്ള മറുപടിയിൽ ബിനോയ് വിശ്വം വ്യക്തമാക്കി. തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണം എന്നീ വിഷയങ്ങളിൽ സിപിഐ നിലപാട് പറയും മുൻപേ വി.എസ്. സുനിൽകുമാറും, പ്രകാശ് ബാബുവും പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. അക്കാര്യത്തിലുള്ള എതിർപ്പു കൂടിയാണ് ബിനോയ് വിശ്വം പ്രകടിപ്പിച്ചത്.
കേരളത്തിലെ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വത്തെ കൂടി മുഖവിലയ്ക്കെടുക്കണമെന്ന് ആനി രാജയ്ക്ക് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും മുന്നറിയിപ്പ് നൽകി. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ആനിരാജ പ്രതികരിക്കുന്നത് വിലക്കണമെന്ന് ബിനോയ് വിശ്വം നേരത്തെ ഡി.രാജക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുക്കണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന എക്സിക്യൂട്ടീവ് തള്ളി.
ALSO READ: സ്വദേശാഭിമാനി മാധ്യമ പുരസ്‌കാരം ന്യൂസ് മലയാളത്തിന്
ഇസ്മയിൽ സംഘടനാ വിരുദ്ധമായി പെരുമാറിയാൽ മാത്രം നടപടി ആലോചിച്ചാൽ മതിയെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. ചേലക്കരയിൽ കെ. രാജനും, പാലക്കാട് കെ.പി. രാജേന്ദ്രനും, വയനാട് സന്തോഷ് കുമാറിനും തെരഞ്ഞെടുപ്പ് ചുമതല നൽകാനും സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് നിർദേശം.