
ഡൽഹി ഇത്തവണ പിടിച്ചേ അടങ്ങൂ എന്നു പ്രഖ്യാപിച്ച ബിജെപിക്ക് ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥി? അത്, വിദ്വേഷ പ്രാസംഗികൻ രമേശ് ബിധൂഡിയാണെന്ന് അരവിന്ദ് കെജ്‌രിവാൾ പരിഹസിക്കുന്നു. ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന് ബിജെപി മറുപടി പറഞ്ഞിട്ടില്ല.. മുൻ മുഖ്യമന്ത്രി മദൻലാൽ ഖുറാനെയുടെ മകൻ മുതൽ സുഷമ സ്വരാജിന്‍റെ മകൾ വരെ അര ഡസൻ പേരുകൾ അന്തരീക്ഷത്തിലുണ്ട്
രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ മൽസരമാണ് ന്യൂഡൽഹി സീറ്റിൽ. അവിടെ അരവിന്ദ് കേജ്രിവാളിനെ നേരിടുന്നത് രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ്. മറ്റൊരു മുഖ്യമന്ത്രിയുടെ മകൻ കൂടി ബിജെപിക്കായി മൽസരിക്കുന്നു. ഒപ്പം എൻഡിഎയുടെ തെരഞ്ഞെടുപ്പ് നയിക്കുന്നത് മുൻ മുഖ്യമന്ത്രിയുടെ മകളും. അരവിന്ദ് കെജ്‌രിവാളിന് എതിരേ മൽസരിക്കുന്നത് പർവേഷ് വർമയാണ്. മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ ഈ മകനാണോ, മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ബിജെപി പറയുന്നില്ല. കാരണം എതിരാളി കെജ്‌രിവാൾ മാത്രമല്ല എന്നതാണ്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതാണ് കോൺഗ്രസ് സ്ഥാനാർഥി.
ഇരുവരേയും മറികടന്നു ജയിച്ചുവന്നാൽ പർവേഷ് വർമ പരിഗണിക്കപ്പെടാം എന്നല്ലാതെ മുൻകൂട്ടി പറഞ്ഞാൽ കുഴപ്പത്തിലാകും. മുൻ മുഖ്യമന്ത്രി മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന, മോത്തി നഗറിലാണ്. അവിടെയും കടുപ്പമാണ് കാര്യങ്ങൾ. ആംആദ്മി പാർട്ടിക്കായി ശിവ് ചരൺ ഗോയലും കോൺഗ്രസിനായി രാജേന്ദ്ര നാംധാരിയും മൽസരിക്കുന്നു. എങ്ങാനും ജയിച്ചുവന്നാൽ പരിഗണിക്കും എന്നല്ലാതെ ഹരീഷ് ഖുറാനയുടെ കാര്യത്തിലും ഒന്നും ഇപ്പോൾ പറയാനാവില്ല. ഇതിനിടെയാണ് കെജ്‌രിവാൾ കഥയാകെ മാറ്റിയത്. മുഖ്യമന്ത്രി അതീഷി സിങ്ങിന് എതിരേ മൽസരിക്കുന്ന രമേശ് ബിധൂഡിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നായിരുന്നു ആ ട്രോൾ.
ഡൽഹിയിൽ മൽസരിക്കുന്നവരിൽ സീനിയറെന്ന രീതിയിൽ പരിഗണിക്കപ്പെടാവുന്ന പേരാണ് രമേശ് ബിധൂഡിയുടേത്. രണ്ടുവട്ടം നിയമസഭയിലേക്കും രണ്ടുവട്ടം ലോക്സഭയിലേക്കും ജയിച്ചത് ഡൽഹിയിൽ നിന്നുതന്നെ. ഇത്തവണ കേന്ദ്രമന്ത്രിയാകും എന്നു കരുതിയിരിക്കുമ്പോഴാണ് എംപിപോലും ആകാൻ അനുവദിക്കാതെ ബിജെപി പേര് വെട്ടിയത്. ബിഎസ് പിയുടേയും പിന്നീട് കോൺഗ്രസിന്‍റേയും നേതാവായ ഡാനിഷ് അലിക്കെതിരായ വംശീയ പരാമർശങ്ങളാണ് ബിധൂഡിക്ക് ബൂമറാങായത്.
ഇത്തവണ വയനാടിന്‍റെ എംപി പ്രിയങ്കാഗാന്ധിക്ക് എതിരെയായിരുന്നു അധിക്ഷേപം. അതിന് മാപ്പു പറഞ്ഞതിനൊപ്പം എതിർ സ്ഥാനാർത്ഥി അതിഷിക്ക് എതിരേ പറഞ്ഞതിനും മാപ്പ് എഴുതി പ്രസിദ്ധീകരിക്കേണ്ടിവന്നു. എന്നിട്ടാണിപ്പോൾ മൽസരത്തിൽ തുടരുന്നത്. ഇതോടെ കെജ്‌രിവാൾ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബിധൂഡിയെ പ്രഖ്യാപിച്ചു.
ബിജെപിയുടെ സമീപകാല ചരിത്രം നോക്കിയാൽ ഭൂരിപക്ഷം കിട്ടിയാൽ ഇത്തവണ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സമിതിയിലെ അംഗം ബാൻസുരി സ്വരാജ് എംപിയും മുഖ്യമന്ത്രിയാകാം. സുഷമാ സ്വരാജിന്‍റെ മകൾക്ക് ഡൽഹിയിൽ ഉള്ള സ്വീകാര്യത മുന്നോട്ടുള്ള യാത്രയിലും ഗുണം ചെയ്യും എന്നു കരുതുന്നവർ പാർട്ടിയിലുണ്ട്. ആംആദ്മി പാർട്ടിയിൽ നിന്നും കോൺഗ്രസിൽ നിന്നും വന്ന ഒരു ഡസൻ മുതിർന്ന നേതാക്കൾ വേറെയും ഉണ്ട്. ഇനി, ഭരണം കിട്ടുമെന്ന തോന്നൽ ബിജെപിക്ക് ഇല്ലേ എന്ന ചോദ്യവും ഇതിനിടെ കോൺഗ്രസും എഎപിയും ഉയർത്തുന്നുമുണ്ട്.