അനധികൃതമായി സ്ഥലം കൈമാറി; മല്ലികാർജുൻ ഖാർഗെക്കെതിരെ ലോകായുക്തയിൽ പരാതി നൽകി ബിജെപി

മുഡ കുംഭകോണത്തിൽ കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്
അനധികൃതമായി സ്ഥലം കൈമാറി; മല്ലികാർജുൻ ഖാർഗെക്കെതിരെ ലോകായുക്തയിൽ പരാതി നൽകി ബിജെപി
Published on

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. ഖാർഗെയുടെ കുടുംബത്തിന് ബന്ധമുള്ള സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനധികൃതമായി അനുവദിച്ചെന്നാണ് പ്രധാന ആരോപണം. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഭൂമി അനധികൃതമായി കയ്യേറൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിജെപി നേതാവ് എൻ.ആർ. രമേശാണ് പരാതി നൽകിയത്.


രണ്ട് സർക്കാർ ഏജൻസികൾ സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് സ്വത്തുക്കൾ അനുവദിച്ചതായാണ് പരാതിയിൽ പറയുന്നത്. 2014ൽ 86,133 ചതുരശ്ര അടി സിഎ പ്ലോട്ട്, ബെംഗളൂരുവിലെ ബിടിഎം നാലാം സ്റ്റേജിലെ സൈറ്റ് നമ്പർ 05 എന്നിവ ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി വഴി അനുവദിച്ചതായും ആരോപണമുണ്ട്. ഒപ്പം 2024 മെയ് 30ന് ബെംഗളൂരുവിലെ ഹൈടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൻ്റെ ഹാർഡ്‌വെയർ സെക്ടറിലെ അഞ്ച് ഏക്കർ ഭൂമി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെൻ്റ് ബോർഡ്, ഖാർഗെയുടെ മകൻ രാഹുൽ എം. ഖാർഗെയ്ക്ക് അനധികൃതമായി അനുവദിച്ചതാണെന്നും പരാതിയിൽ പറയുന്നു. 394 പേജുകളുള്ള രേഖകളാണ് എൻ.ആർ. രമേശ് തെളിവായി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്.


മുഡ കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയ്ക്ക് പുറമെ കർണാടക മന്ത്രി പ്രിയങ്ക് എം. ഖാർഗെ, രാഹുൽ എം. ഖാർഗെ, രാധാഭായ് എം. ഖാർഗെ, രാധാകൃഷ്ണ, കർണാടക മന്ത്രി എം ബി പാട്ടീൽ, ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ എസ് സെൽവകുമാർ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com