
പാർലമെൻ്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷയെക്കുറിച്ചുള്ള ഒമർ അബ്ദുള്ളയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന പ്രസ്താവനയാണ് വലിയ വിമർശനങ്ങൾക്ക് തിരി തെളിച്ചിരിക്കുന്നത്. ഒമർ അബ്ദുള്ള ഭീകരരുടെ പിന്തുണ സ്വീകരിക്കുയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
"ഒമർ അബ്ദുള്ള എന്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്? ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ ദേശ വിരുദ്ധർക്ക് വധശിക്ഷ നൽകുന്നതിനെ എന്തിനാണ് നാഷണൽ കോൺഫറൻസ് എതിർക്കുന്നത്? ഭീകരരെയും തീവ്രവാദികളെയും പിന്തുണക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനാലാണ് ഒമർ ഇത്തരത്തിൽ സംസാരിക്കുന്നത്," ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തിൽ പ്രകോപിതനായ ബിജെപി നേതാവും മുൻ കശ്മീർ ഉപമുഖ്യമന്ത്രിയുമായ കവീന്ദർ ഗുപ്ത പറഞ്ഞു.
ഒമറിന്റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ്റെ നയങ്ങളെ പരസ്യമായി പിന്തുണച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി നേതാവ് അൽത്താഫ് താക്കൂറും വിമർശിച്ചു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റേണ്ട കാര്യമില്ലായിരുന്നുവെന്നും വധശിക്ഷയിലൂടെ പ്രത്യേകിച്ച് ഒരു ലക്ഷ്യവും നേടാനായില്ലെന്നുമായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രസ്താവന. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഒമർ അബ്ദുള്ളയുടെ വിവാദ പരാമർശം.
അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടായിരുന്നു ശിക്ഷാ നടപടി സ്വീകരിക്കേണ്ടതിരുന്നെങ്കില്‍, വധശിക്ഷ സംഭവിക്കില്ലായിരുന്നു. അദ്ദേഹത്തെ തൂക്കിലേറ്റിയതുകൊണ്ട് എന്തെങ്കിലും ലക്ഷ്യം നടപ്പായെന്ന് കരുതുന്നില്ലെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. അഫ്സൽ ഗുരുവിൻ്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഒമറിന്റെ പ്രതികരണം.
1999-ലെ IC814 തട്ടിയെടുക്കലുമായി ബന്ധപ്പെട്ട്, തടവുകാരെ മോചിപ്പിക്കാന്‍ പിതാവ് നിര്‍ബന്ധിതനായ സാഹചര്യത്തെക്കുറിച്ചും ഒമര്‍ വിശദീകരിച്ചു. ആ കാലഘട്ടത്തിൽ പിതാവ് ഫാറൂഖ് അബ്ദുള്ള നേരിട്ട വിഷമകരമായ സാഹചര്യങ്ങളെയും തീരുമാനങ്ങളെയും കുറിച്ചാണ് ഒമര്‍ വിശദീകരിച്ചത്.