ആശാ വർക്കർമാർ ആവശ്യപ്പെട്ടാൽ മരണം വരെയും നിരാഹാരത്തിന് തയ്യാർ, സമരത്തിന് ബിജെപിയുടെ പൂർണ പിന്തുണയുണ്ടാവും: ശോഭാ സുരേന്ദ്രൻ

ആശാ വർക്കർമാർ ആവശ്യപ്പെട്ടാൽ മരണം വരെയും നിരാഹാരത്തിന് തയ്യാർ, സമരത്തിന് ബിജെപിയുടെ പൂർണ പിന്തുണയുണ്ടാവും: ശോഭാ സുരേന്ദ്രൻ

കേന്ദ്രം നൽകിയ പണം കൃത്യമായി ആശാപ്രവർത്തകരിലേക്ക് എത്തിയിട്ടുണ്ടോയെന്നും കിട്ടിയ പണത്തിന്റെയും കൊടുത്ത പണത്തിന്റെയും ധവളപത്രം ഇറക്കാൻ ആരോഗ്യവകുപ്പ് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
Published on

ആശാ വർക്കേഴ്സ് അസോസിയേഷൻ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.  കേന്ദ്ര ഗവൺമെൻറ് നേരിട്ടു കൊടുത്ത ജോലിയല്ല ഇതെന്നും ആശാ വർക്കർമാർക്ക് ശമ്പളം കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നുമാണ് ശോഭാ സുരേന്ദ്രൻ്റെ വാദം. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ രണ്ട്, മൂന്ന് മണിക്കൂർ വരെയാണ് ജോലി സമയം. അതിന് അനുസരിച്ചുള്ള വേതനം നൽകുന്നുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രൻ മറുപടി നൽകി.

ആശാവർക്കർമാരുടെ സമരം ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആദ്യ വിഷയമായി ചർച്ച ചെയ്തതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. സമരത്തിന് ബിജെപിയുടെ എല്ലാ പിന്തുണയും ഉണ്ടാകും. ആശാപ്രവർത്തകർ വിളിക്കുകയാണെങ്കിൽ മരണം വരെ ഉപവാസം കിടക്കാൻ താൻ തയ്യാറാണ്. ശമ്പളം കൊടുക്കാൻ പൈസയില്ലെങ്കിലും മറ്റു ചെലവിനെല്ലാം സർക്കാരിന് പണമുണ്ട്. സംസ്ഥാന സർക്കാർ ആശാവർക്കാർമാർക്ക് പണം കൊടുക്കുകയാണെങ്കിൽ കേന്ദ്രത്തിൽ നിന്നും വാങ്ങാൻ ഞങ്ങൾ കൂടെ വരാമെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


ആശാ സമരത്തിൽ കേന്ദ്രത്തിനെതിരായ സർക്കാരിൻ്റെ വാദങ്ങളെ പൂർണമായും തള്ളുകയാണ് ശോഭാ സുരേന്ദ്രൻ. കേന്ദ്രം നൽകിയ പണം കൃത്യമായി ആശാപ്രവർത്തകരിലേക്ക് എത്തിയിട്ടുണ്ടോയെന്നും കിട്ടിയ പണത്തിന്റെയും കൊടുത്ത പണത്തിന്റെയും ധവളപത്രം ഇറക്കാൻ ആരോഗ്യവകുപ്പ് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വീണാ ജോർജിന് സമയം അനുവദിച്ചില്ല എന്ന വാദം വിശ്വസിക്കാൻ കേരളം ഒരു വെള്ളരിക്ക പട്ടണം അല്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിൻ്റെയും ഇരട്ടത്താപ്പാണ് സമരത്തിൽ കാണാൻ കഴിയുന്നതെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.

മുഖ്യമന്ത്രി എന്തുകൊണ്ട് വിപരമായി ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ബിജെപി നേതാവ് ചോദിച്ചു. സമരത്തിന് വന്നവരെ ചേരി തിരിഞ്ഞുനിർത്തി ശമ്പളം കൊടുക്കാതിരിക്കുന്ന അവസ്ഥയാണ്. ശമ്പളം കൊടുക്കാമെന്ന് പറഞ്ഞാൽ പോരാ, ശമ്പളം കൊടുത്തതിനുശേഷം അധിക ബാധ്യത ഉണ്ടെന്ന് കേന്ദ്രത്തോട് പറയണം. അങ്ങനെ ചെയ്താൽ ആ പണം വാങ്ങിയെടുക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ ഡൽഹിയിൽ പോകാൻ തയ്യാറാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടെന്താണെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. ശക്തമായ ഒരു സമരവും ഈ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രം എത്ര കൊടുത്തു എന്ന ചോദ്യം ചോദിക്കാനുള്ള തൻ്റേടം പോലും പ്രതിപക്ഷ നേതാവിനില്ല. ഈ വിഷയം പ്രത്യേക പ്രമേയമായി അവതരിപ്പിക്കാനുള്ള ആത്മാർഥത പ്രതിപക്ഷത്തിന് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ട് പ്രത്യേക യോഗം വിളിച്ചുകൂടായെന്നും ബിജെപി നേതാവ് ചോദിച്ചു.



News Malayalam 24x7
newsmalayalam.com