
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി നേതാവ് ഭഗവത് സിങ് ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെ തുടർന്ന് പാർട്ടിയുടെ ബ്ലോക്ക് യൂണിറ്റ് മേധാവിയായിരുന്ന ബോറയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് നയമാണെന്നും ഭട്ട് വ്യക്തമാക്കി.
സാൾട്ട് മേഖലയിൽ ഓഗസ്റ്റ് 20 നായിരുന്നു സംഭവം നടന്നത്. എന്നാൽ ഓഗസ്റ്റ് 30 നാണ് പരാതി ലഭിച്ചതെന്നും അൽമോറ എഎസ്പി ദേവേന്ദ്ര പിഞ്ച പറഞ്ഞു.
പോക്സോ ആക്ട്, ബിഎൻഎസ് സെക്ഷൻ 74 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടൊപ്പം വൈദ്യ പരിശോധനയ്ക്കും വിധേയയാക്കി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ബിജെപി സർക്കാർ അവരുടെ നേതാക്കൾക്ക് "ലൈസൻസ്" നൽകിയിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര ആരോപിച്ചു.