
ആം ആദ്മി പാർട്ടിയുടെ കൗണ്‍സിലറിനെ ഒരു സംഘം ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ട് പോയെന്ന് ആരോപണം. കഴിഞ്ഞ ഞായറാഴ്ച ആം ആദ്മി പാർട്ടി വിട്ട് ബിജെപിയില്‍ ചെർന്ന കൗണ്‍സിലര്‍മാരില്‍ ഒരാളാണ് രാമചന്ദ്ര. എന്നാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം കൗണ്‍സിലർ ആം ആദ്മിയിലേക്ക് തിരിച്ചെത്തി. ബിജെപി പ്രവർത്തകർ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് കൗണ്‍സിലറിന്‍റെ ആരോപണം.
"രാവിലെ അഞ്ചോ ആറോ പേര് വീട്ടിലേക്കെത്തി എന്നെ ഒരു കാറില്‍ ബിജെപി ഓഫീസിലെത്തിച്ചു. ഇഡി, സിബിഐ എന്നിവരെ കാട്ടി അവരെന്നെ ഭീഷണിപ്പെടുത്തി. എന്‍റെ നേതാക്കള്‍ പൊലീസ് കമ്മീഷണറെ വിളിച്ച് എന്നെ മോചിപ്പിക്കുകയായിരുന്നു", രാമചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. "എനിക്ക് ഇഡിയേയും സിബിഐയേയും പേടിയില്ല. ഞാന്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ യഥാർഥ പോരാളിയാണ്", കൗണ്‍സിലർ കൂട്ടിച്ചേർത്തു.
എന്നാല്‍, ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാർജ് പ്രവീണ്‍ ശങ്കർ, കൗണ്‍സിലറിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചു. പാർട്ടിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് പ്രവീണ്‍ പറഞ്ഞു. "നിങ്ങൾ വ്യാജ സെൻസേഷനലിസത്തിൻ്റെ രാജാക്കന്മാരാണ്. കൗൺസിലർ രാമചന്ദ്ര ഞങ്ങളുടെ പാർട്ടിയിലല്ല, ഞങ്ങൾക്ക് ഇതുമായി ബന്ധമില്ല. അദ്ദേഹം തന്‍റെ വീട്ടിൽ ഇരിക്കുകയാണെന്ന് എനിക്ക് ഉറപ്പാണ്, നിങ്ങൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്, പ്രവീണ്‍ ശങ്കർ എക്സില്‍ കുറിച്ചു.
ഇന്ന് രാവിലെ മുതിർന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയും രാമചന്ദ്രയുടെ വാദത്തെ പിന്തുണച്ച് രംഗത്തെത്തി." ബിജെപി കൗണ്‍സിലർ രാമചന്ദ്ര ജിയെ ഇഡിയേയും സിബിഐയേയും കാട്ടി ഭീഷണിപ്പെടുത്തി. അദ്ദേഹം ഭയക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ബിജെപി ഗുണ്ടകളെ ഉപയോഗിച്ച് കാറില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി", സിസോദിയ എക്സില്‍ കുറിച്ചു.
രാമചന്ദ്രയുടെ മകന്‍ ആകാശ് നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ, ആം ആദ്മി പാർട്ടി നേതാവായ സഞ്ജയ് സിങ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു. ഒരു പ്രാദേശിക ബിജെപി നേതാവും സഹായികളും ചേർന്ന് രാമചന്ദ്രയെ ഓഫീസിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയെന്ന് ആകാശ് രാമചന്ദ്ര ആരോപിക്കുന്നത് വീഡിയോയിൽ കാണാം. ഇരുപാർട്ടികളും കൗണ്‍സിലറുടെ ആരോപണത്തെ മുന്‍നിർത്തി ആരോപണ പ്രത്യാക്രമണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ആം ആദ്മിയുടെ പരാതിയില്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.