
രാജ്യസഭയിലെ ബിജെപി അംഗത്വം കുത്തനെ ഇടിയുന്നു. രാകേഷ് സിൻഹ, റാം ശകൽ, സോനൽ മാൻസിംഗ് മഹേഷ് ജെത്‌മലാനി എന്നീ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് ബിജെപി പ്രാതിനിധ്യം ഭൂരിപക്ഷത്തിന് താഴെയെത്തിയത്.
ഭരണകക്ഷിയുടെ നോമിനേഷൻ വഴി നോൺ-അലൈൻഡ് അംഗങ്ങളായാണ് ഇവർ നാലുപേരും തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവർ ഔപചാരികമായി നരേന്ദ്ര മോദി സർക്കാരുമായി സഖ്യമുണ്ടാക്കുകയായിരുന്നു. ഇവർ വിരമിച്ചതോടെ ബിജെപിയുടെ അംഗബലം 86 ആയും എൻഡിഎ സഖ്യത്തിൻ്റെ അംഗത്വം 101 ആയും കുറഞ്ഞു. 245 അംഗങ്ങളുള്ള സഭയുടെ ഭൂരിപക്ഷത്തിനും താഴെയാണ് ഇത്.
അതേസമയം കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ ബ്ലോക്കിന് 87 സീറ്റുകളുണ്ട്. അതിൽ കോൺഗ്രസിന് 26, തൃണമൂൽ കോൺഗ്രസിന് 13, തമിഴ്‌നാട്ടിൽ അധികാരത്തിലുള്ള ഡിഎംകെയ്ക്കും ഡൽഹിയിലെ ആം ആദ്മി പാർട്ടിക്കും 10 വീതം സീറ്റുകളുമാണ് നിലവിൽ രാജ്യസഭയിലുള്ളത്. ബിജെപിയുമായോ കോൺഗ്രസുമായോ സഖ്യം ചേരാത്ത തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ ബിആർഎസ് പോലുള്ള പാർട്ടികളും, നോമിനേറ്റഡ് എംപിമാരും സ്വതന്ത്രരുമാണ് ബാക്കിയുള്ള സീറ്റുകളിൽ.
എൻഡിഎ ഇതര കക്ഷികളായ തമിഴ്‌നാട്ടിലെ മുൻ ബിജെപി സഖ്യകക്ഷി എഐഎഡിഎംകെയും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയേയുമാണ് അപ്പർ ഹൗസിലെ ബില്ലുകൾ പാസാക്കാൻ നിലവിൽ കേന്ദ്രസർക്കാർ ആശ്രയിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ബിജെപിക്ക് 15 വോട്ടുകൾ എൻഡിഎ അംഗങ്ങളിൽ നിന്ന് ലഭിക്കും എന്നാൽ ബിൽ പാസ്സാക്കാൻ ആവശ്യമായ 13 അധികവോട്ടുകൾ മറ്റുള്ള എംപിമാരിൽ നിന്നും നേടിയെടുക്കേണ്ടി വരും.
കഴിഞ്ഞ ഡിസംബറിൽ പിളർപ്പുണ്ടായെങ്കിലും വൈഎസ്ആർസിപി, എഐഎഡിഎംകെ എന്നീ പാർട്ടികൾ ബിജെപിയുടെ ഏറ്റവും ശക്തരായ രണ്ട് സഖ്യകക്ഷികളാണ്. വൈഎസ്ആർസിപി മുമ്പ് ബിജെപിക്ക് പിന്തുണ നൽകിയിതിനാൽ ഈ വോട്ടുകളെങ്കിലും നേടിയെടുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ബിജെഡിയും പാർട്ടിക്ക് സമാനമായ പിന്തുണ നൽകിയിരുന്നെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളെ തോൽപ്പിച്ചതിനാൽ പിന്തുണ പിൻവലിക്കുമെന്ന് നേതാവ് പ്രഖ്യാപിച്ചിരുന്നു.
എഐഎഡിഎംകെയും പിന്തുണ നൽകാൻ തയ്യാറായില്ലെങ്കിൽ നോമിനേറ്റഡ് അംഗങ്ങളുടെ വോട്ടുകളിലേക്കായിരിക്കും ബിജെപി ലക്ഷ്യമിടുക. രാജ്യസഭയിൽ ആകെ 12 നോമിനേറ്റഡ് അംഗങ്ങളാണുള്ളത്. പ്രത്യക്ഷത്തിൽ ഇവർ സഖ്യകക്ഷികളെല്ലെങ്കിലും സർക്കാർ തെരഞ്ഞെടുക്കുന്നതിനാൽ തന്നെ ഇവർ ഭരണകക്ഷികളെയായിരിക്കും പിന്തുണക്കുക.
ഈ വർഷം ആകെ 20 സീറ്റുകളാണ് രാജ്യസഭയിൽ ഒഴിഞ്ഞു കിടക്കുന്നത്. മഹാരാഷ്ട്ര, അസം, ബിഹാർ എന്നിവിടങ്ങളിൽ രണ്ട് സീറ്റുകൾ വീതവും ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം സീറ്റുമാണ് ഉള്ളത്. അസം, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഏഴ് സീറ്റുകൾ നേടാനാകും. മഹാരാഷ്ട്രയിൽ നിന്നും ഒരു സീറ്റ് നേടാൻ കഴിഞ്ഞാൽ ബിജെപിക്ക് ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകൾ ലഭിക്കും.
സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 30-നകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള നാല് സീറ്റുകളും ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. തെലങ്കാനയിൽ കോൺഗ്രസ് തന്നെ സീറ്റ് നേടാനാണ് സാധ്യത. ഇത്തവണത്തെ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധിക സീറ്റുകൾ നേടാനായാൽ രാജ്യസഭയിലും പ്രതിപക്ഷം സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.