
ഹിന്ദുക്കൾ ഹിന്ദുക്കളുമായി മാത്രമേ സ്വത്ത് ഇടപാട് നടത്താവൂ എന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി എംഎൽഎ നിതേഷ് റാണെ. മഹാരാഷ്ട്രയിലെ ഉൾവേയിൽ ഗണേശ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിശ്വാസികളെയും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ബിജെപി എംഎൽഎയുടെ പ്രസ്താവന. ഹിന്ദുക്കളായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അഹിന്ദുക്കളുമായി സ്വത്ത് ഇടപാടുകൾ നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കണം. ഇടപാടിനു മുമ്പായി ആധാർ കാർഡ് പരിശോധിക്കണമെന്നും റാണെ ആവശ്യപ്പെട്ടു.
"എല്ലാ മതങ്ങളോടും തുല്യ ബഹുമാനം, സഹോദര്യം എന്നീ ആശയങ്ങൾ ഉപേക്ഷിക്കണം. ഹിന്ദുക്കളിൽ മാത്രമായിരിക്കണം ശ്രദ്ധ. ചില മതഗ്രന്ഥങ്ങൾ ഒന്നുകിൽ ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുകയോ, കൊല്ലുകയോ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. ഇക്കാര്യം നിഷേധിക്കാൻ മതപണ്ഡിതരെ വെല്ലുവിളിക്കുന്നതായാണ് അവർ കാണുന്നത്. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ഹിന്ദുക്കൾ വലിയ പീഡനം നേരിടുകയാണ്. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ എൻ്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. 10 മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തും," നിതേഷ് റാണെ പറയുന്നു.
റാണെയുടെ പരാമർശത്തിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തിന്‍റെ മതേതര സംവിധാനത്തിനും ഭരണഘടനക്കും എതിരാണ് എംഎൽഎയുടെ പരാമർശമെന്ന് AIMIM ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ എൻസിപിയും റാണെക്കെതിരെ രംഗത്തുവന്നു. ഒരു പാർട്ടിയിൽ നിന്നുള്ള ചില വ്യക്തികൾ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പതിവായി അധിക്ഷേപ പരാമർശങ്ങൾ നടത്തുകയാണെന്നും അതിനെ എൻസിപി ശക്തമായി എതിർക്കുന്നുവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതികരിച്ചു. ഇത്തരം അധിക്ഷേപ പരാമർശങ്ങൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുമെന്നും അജിത് പവാർ മുന്നറിയിപ്പ് നൽകി.
മുസ്ലിം വിദ്വേഷ പ്രസംഗങ്ങൾ പതിവാക്കിയ റാണെ അടുത്തിടെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ഹിന്ദു ദർശകനായ രാംഗിരി മഹാരാജിനെ പിന്തുണച്ച് സംസാരിച്ച റാണെ, മുസ്ലിം സമുദായത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റാണെക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.