ചേറ്റൂരിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛനെയും ഏറ്റെടുക്കാൻ ബിജെപി നീക്കം; വിമർശിച്ച് സുധീരൻ

കൃഷ്ണൻ എഴുത്തച്ഛന്റെ ശവകുടീരത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.
ചേറ്റൂരിന് പിന്നാലെ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛനെയും ഏറ്റെടുക്കാൻ ബിജെപി നീക്കം; വിമർശിച്ച് സുധീരൻ
Published on


ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണ വിവാദത്തിന് പിന്നാലെ തൃശൂരിൽ കോൺഗ്രസ് നേതാവ് വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെ അനുസ്മരണം നടത്തി ബിജെപി. 21ാം ചരമ വാർഷിക ദിനമായ ചൊവ്വാഴ്ച കോണ്‍ഗ്രസ് അവിണ്ണിശ്ശേരിയിൽ സംഘടിപ്പിച്ച അനുസ്മരണത്തിന് പിന്നാലെയാണ് ബിജെപിയുടെ അനുസ്മരണ യോഗം. കൃഷ്ണൻ എഴുത്തച്ഛന്റെ ശവകുടീരത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.


എഴുത്തച്ഛൻ ചരമ ദിനത്തിൽ കോൺഗ്രസും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുതിർന്ന നേതാവ് വി.എം. സുധീരൻ എഴുത്തച്ഛൻ്റെ നാടായ അവിണ്ണിശ്ശേരിയിൽ എത്തി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വി.ആറിനെ ഏറ്റെടുക്കാനുള്ള ബിജെപി നീക്കം ജനങ്ങൾ പരിഹാസ്യത്തോടെ തള്ളുമെന്ന് കോൺഗ്രസ് നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.



"വി.ആർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതാവാണെന്ന കാര്യം എല്ലാവർക്കുമറിയാം. ബിജെപി അദ്ദേഹത്തെ ഏറ്റെടുക്കാൻ നടത്തുന്ന നീക്കം ജനങ്ങൾ പരിഹാസ്യത്തോടെ തള്ളും. അദ്ദേഹത്തിൻ്റെ പൈതൃകം മറ്റാർക്കും അവകാശപ്പെടാനാവില്ല. മകൻ ബിജെപിയിൽ ചേർന്നു എന്നതിൽ കാര്യമില്ല. പിതാവിൻ്റെ രാഷ്ട്രീയത്തിലാണ് കാര്യം," വി.എം. സുധീരൻ വ്യക്തമാക്കി.


സ്വാതന്ത്ര സമര സേനാനിയായ വി.ആർ. എഴുത്തച്ഛൻ കെ.പി.സി.സി. സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ലീഡർ കെ. കരുണാകാരൻ്റെ രാഷ്ട്രീയ ഗുരുവാണ് അദ്ദേഹം. തിരുക്കൊച്ചി നിയമസഭാ അംഗവുമായിരുന്നു. ഖാദി പ്രസ്ഥാനത്തിന് സംസ്ഥാനത്ത് രൂപം നൽകിയവരിൽ ഒരാളുമാണ്. ഒപ്പം അവിണിശ്ശേരി പഞ്ചായത്തിൻ്റെ സ്ഥാപക നേതാവ് കൂടിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com