ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിമാരെ ഗോദയിലിറക്കാൻ ബിജെപി; സ്ഥാനാർഥി പട്ടിക പുറത്ത്

ചംപയ് സോറൻ്റെ മകനും ഹേമന്ത് സോറൻ്റെ ഭാര്യാസഹോദരി സീത സോറനും ബിജെപി പട്ടികയിലുണ്ട്
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിമാരെ ഗോദയിലിറക്കാൻ ബിജെപി; സ്ഥാനാർഥി പട്ടിക പുറത്ത്
Published on


ജാർഖണ്ഡ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബിജെപി. 66 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടിയും ചംപയ് സോറനും ഉൾപ്പെടുന്നു. ചംപയ് സോറൻ്റെ മകനും ഹേമന്ത് സോറൻ്റെ ഭാര്യാസഹോദരി സീത സോറനും ബിജെപി പട്ടികയിലുണ്ട്.

ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ കൂടിയായ ബാബുലാൽ മറാണ്ടി ധൻവാറിൽ മത്സരിക്കും. ചംപയ് സോറനും മകൻ ബാബുലാൽ സോറനും യഥാക്രമം സറൈകെല്ലയിലും ഘട്ശിലയിലും മത്സരിക്കും. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പങ്കാളിയായിരുന്ന ചംപയ് സോറൻ, കഴിഞ്ഞ ഓഗസ്റ്റിലാണ് ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബിജെപിയിൽ ചേർന്നത്.

ജംതാരയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ഹേമന്ത് സോറൻ്റെ ഭാര്യാസഹോദരി സീത സോറൻ. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ജഗനാഥ്പൂരിലും മുൻ കേന്ദ്രമന്ത്രി സുദർശൻ ഭഗത് ഗുംലയിലും മത്സരിക്കും.

81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 68 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ പത്ത് സീറ്റുകളിലും ജനതാദൾ (യു) രണ്ടിലും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരു സീറ്റിലും മത്സരിക്കും. ജാർഖണ്ഡിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. 2019ൽ അഞ്ച് ഘട്ടങ്ങളായായിരുന്നു വോട്ടെടുപ്പ്. നവംബർ 23 ന് വോട്ടെണ്ണൽ നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com