
ലോക്സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിക്ക് നിർദേശവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. കോൺഗ്രസ് ചെയ്ത തെറ്റുകൾ ബിജെപി ആവർത്തിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗഡ്‌കരി വ്യക്തമാക്കി. ബിജെപി വ്യത്യസ്തതയുള്ള പാർട്ടിയാണ്, അതുകൊണ്ടാണ് അധികാരത്തിൽ നിന്നും പുറത്താവാതിരുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഗോവ ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് ഗഡ്കരിയുടെ പരാമർശം.
പ്രതിപക്ഷത്തിൻ്റെ തെറ്റായ പ്രവർത്തികൾ അനുകരിക്കുന്നതോടെ കോൺഗ്രസിൻ്റെ തകർച്ചക്കും പാർട്ടിയുടെ വിജയത്തിനും അർത്ഥമുണ്ടാവില്ലെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. ഇത്തവണ പാർലമെൻ്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട കാര്യം പ്രതിപാദിച്ചുകൊണ്ടായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഏകദേശം 40 മിനിറ്റ് നീണ്ട തൻ്റെ പ്രസംഗത്തിൽ, ബിജെപി വ്യത്യസ്തതയുള്ള പാർട്ടിയാണ് എന്ന എൽകെ അദ്വാനിയുടെ പ്രസ്താവന കേന്ദ്രമന്ത്രി അനുസ്മരിച്ചു.
ബിജെപി മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തരാണെന്ന് തൻ്റെ ഉപദേഷ്ടാവായ അദ്വാനി പറയാറുണ്ടായിരുന്നു. ഇത് പാർട്ടി മനസ്സിലാക്കണമെന്ന് ഗഡ്കരി ചൂണ്ടികാട്ടി. ബിജെപി ഒരു അഴിമതിരഹിത രാജ്യം സൃഷ്ടിക്കണമെന്നും അതിനായി ഒരു പദ്ധതി തയ്യാറാക്കണമെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു.