"വായു മലിനീകരണം, യമുനയിലെ വിഷപ്പത, അഴിമതിക്കേസുകൾ"; ആംആദ്മി സർക്കാരിനെതിരെ കുറ്റപത്രം പ്രസിദ്ധീകരിച്ച് ബിജെപി

മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഡൽഹി സർക്കാരിനെതിരായ കുറ്റപത്രം പ്രസിദ്ധീകരിച്ചത്
"വായു മലിനീകരണം, യമുനയിലെ വിഷപ്പത, അഴിമതിക്കേസുകൾ"; ആംആദ്മി സർക്കാരിനെതിരെ കുറ്റപത്രം പ്രസിദ്ധീകരിച്ച് ബിജെപി
Published on

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി സർക്കാരിനും കെജ്‌രിവാളിനുമെതിരെ 'കുറ്റപത്രം' പ്രസിദ്ധീകരിച്ച് ഡൽഹി ബിജെപി. അഴിമതിക്കാരായ മന്ത്രിമാർ ഏറ്റവും കൂടുതലുള്ളത് ഡൽഹിയിലാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ആംആദ്മിയുടെ പ്രതിരോധം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വ്യക്തമായ അജണ്ടയോ, മുഖ്യമന്ത്രി സ്ഥാനാർഥിയോ ഇല്ലെന്ന് പറഞ്ഞും കെജ്‌രിവാൾ തിരിച്ചടിച്ചു.


മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഡൽഹി സർക്കാരിനെതിരായ കുറ്റപത്രം പ്രസിദ്ധീകരിച്ചത്. ഡൽഹിയിലെ വായു മലിനീകരണം, യമുനാ നദിയിലെ വിഷപ്പത, മന്ത്രിസഭയിലെ അഴിമതിക്കേസുകൾ എന്നിവ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ ഡൽഹി സർക്കാരിനെതിരായ കുറ്റപത്രം. രാജ്യത്തെ ഏറ്റവും കാര്യക്ഷമതയില്ലാത്ത സർക്കാരാണ് ഡൽഹിയിലേതെന്നും ബിജെപി ആരോപിച്ചു.

ആം ആദ്മി പാർട്ടി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചുവെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. 2025-ലെ തെരഞ്ഞെടുപ്പിന് മുന്നേ യമുനാ നദിയിൽ കുളിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. കെജ്‌രിവാളിൻ്റെ പത്തു വർഷം കഴിഞ്ഞു, 2025-ലേക്ക് 10 ദിവസത്തിന് താഴെ മാത്രം ബാക്കി നിൽക്കെ യമുന ശുദ്ധമായോ എന്നും അനുരാഗ് താക്കൂർ ചോദിച്ചു.


എന്നാൽ, യാതൊരുവിധ അജണ്ടയുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങന്നതെന്ന് കാട്ടിയായിരുന്നു കെജ്‌രിവാളിൻ്റെ പ്രത്യാക്രമണം. അഞ്ച് വർഷത്തിനിടെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. ബിജെപിക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടോ എന്നും കെജ്‌രിവാൾ ചോദിച്ചു.

അതേസമയം, ഖലിസ്ഥാനി, റോഹിങ്ക്യൻ വിഭാഗങ്ങൾക്ക് ആംആദ്മി പിന്തുണ നൽകുന്നുവെന്നാണ് ബിജെപിയുടെ പുതിയ ആരോപണം. നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പിൽ നിന്ന് ആംആദ്മി 1.6 മില്യൺ കൈപ്പറ്റിയെന്ന ആരോപണത്തിലൂടെ ബിജെപി, ആംആദ്മിക്കെതിരായ ആക്രമണത്തിൻ്റെ മൂർച്ച കൂട്ടിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com