
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി മാത്രം ബിജെപി ചെലവിട്ടത് റെക്കോഡ് തുകയെന്ന് കണക്കുകൾ. 1,737.68 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. 2024 പൊതു തെരഞ്ഞെടുപ്പ് മൊത്തം ചെലവിന്റെ 45 ശതമാനമാണിത്. കോമൺവെൽത്ത് ഹ്യുമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ പഠന റിപ്പോർട്ടാണ് ഇംഗ്ലീഷ് മാധ്യമമായ ദ വയർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തെ 22 പാർട്ടികൾ ആകെ 3,861.57 കോടി രൂപ ചെലവിട്ടു. ഇതിൽ ബിജെപിയുടെ പ്രചാരണചെലവ് 1,737.68 കോടി രൂപയാണ്. കോൺഗ്രസ്സാണ് രണ്ടാംസ്ഥാനത്ത്. മൊത്തം ചെലവായ 3,861 കോടിയുടെ 39.2 ശതമാനം കോൺഗ്രസ് ചെലവിട്ട തുകയാണ്, 686.19 കോടി രൂപ. മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി മാത്രം ബിജെപി 684.57 കോടി രൂപ ചെലവിട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ പാർട്ടികളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. കോമൺവെൽത്ത് ഹ്യുമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ദ വയറാണ് പുറത്തുവിട്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച പാർട്ടികളുടെ വരവ് ചെലവ് കണക്കുകൾ ക്രോഡീകരിച്ചുള്ളതാണ് റിപ്പോർട്ട്.
വരവിലും ബിജെപിയുടേത് റെക്കോർഡ് നേട്ടമാണ്. സംഭാവനയായി ലഭിച്ച തുകയിൽ വലിയ വർധന ബിജെപിക്കുണ്ടായി. തെരഞ്ഞെടുപ്പിന് മുൻപ് 5981 കോടിയുടെ അക്കൗണ്ട് ബാലൻസ് കാണിച്ച ബിജെപിക്ക് വോട്ടെടുപ്പ് കഴിയുമ്പോൾ അധികമായി ലഭിച്ചത് 4,185 കോടി. ബിജെപിക്കായി ബിസിനസ് ഗ്രൂപ്പുകൾ പണമൊഴുക്കിയെന്ന് വ്യക്തം.
ബിജെപി, കോൺഗ്രസ്, ജെഡിഎസ്, ജെഡിയു, എഎപി, തൃണമൂൽ കോൺഗ്രസ്, ബിജെഡി, ബിആർഎസ്, ബിഎസ്പി, സിപിഐ, സിപിഐഎം, ഡിഎംകെ, എൽജെപി (രാംവിലാസ് പസ്വാൻ), ആർജെഡി, എസ്.പി, ടിഡിപി എന്നീ പാർട്ടികളുടെ ചെലവുകളടക്കം റിപ്പോർട്ടിലുണ്ട്. അഞ്ച് ദേശീയ പാർട്ടികളുടേയും 17 പ്രാദേശിക പാർട്ടികളുടേയും വരവ്-ചെലവ് കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ വോട്ടെടുപ്പും നടന്ന ആന്ധ്ര, ഒഡിഷ, അരുണാചൽ, സിക്കിം എന്നിവിടങ്ങളിൽ 40 കോടി വീതം ബിജെപി ചെലവിട്ടു. ഒഡിഷയ്ക്ക് പുറത്ത് നാമമാത്ര സാന്നിധ്യമുള്ള ബിജെഡി ചെലവിട്ടത് 415.21 കോടിയാണ്. ബിജു ജനതാദൾ കൂടുതലും സംസ്ഥാന തെരഞ്ഞെടുപ്പിനായാണ് പണം ചെലവിട്ടത്. നവീൻ പട്നായിക് അധികാരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ജഗൻമോഹന്റെ പാർട്ടിക്കും ഇതേ അവസ്ഥ തന്നെയുണ്ടായി. ആന്ധ്രയിൽ 328.63 കോടി രൂപ വോട്ടെടുപ്പിന് ചെലവിട്ടെങ്കിലും അധികാരത്തിൽ നിന്ന് പുറത്തായി ജഗൻ.
ഇതിൽ 992.48 കോടി രൂപ മാധ്യമങ്ങളിലേയും സമൂഹ മാധ്യമങ്ങളിലേയും പ്രചരണ ക്യാംപയ്നുകൾക്കായി പാർട്ടികൾ ചെലവിട്ടു. ടിവി, പത്രം, സമൂഹമാധ്യമങ്ങൾ, ബൾക്ക് എംഎംഎസ്, ക്യാംപയ്ൻ കോൾ എന്നിവ ഇതിൽ വരും. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 147.68 കോടിയും തമിഴ്നാട്ടിൽ ഡിഎംകെ 161.07 കോടി രൂപയും ചെലവിട്ടു. ബിജെപി മാധ്യമ പരസ്യങ്ങൾക്കായി മാത്രം 684.57 കോടി രൂപ നൽകി. താരതമ്യം ചെയ്തുനോക്കിയാൽ കോൺഗ്രസ് മാധ്യമ പരസ്യങ്ങൾക്കായി ചെലവിട്ടത് താരതമ്യേന വലിയ തുകയല്ല - 12 കോടി.
മഹാരാഷ്ട്ര, കർണാടക, ഗോവ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ ലഭിച്ച ഡേറ്റകൾ അന്തിമമല്ല, കണക്കിൽപ്പെടാത്ത പണമൊഴുക്ക് പല മണ്ഡലങ്ങളിലും പാർട്ടികൾ നടത്തി. ഓരോ മണ്ഡലത്തിലും ഒഴുക്കിയ പണം ഒരേ രീതിയുമില്ല. 22 പാർട്ടികളുടെ താരപ്രചാരകരുടെ പ്രചാരണത്തിനായി 830 കോടി ചെലവായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബിജെപിയുടെ ഒന്നാം താരപ്രചാരകൻ നരേന്ദ്രമോദിയുടെ ചെലവുകൾ ഇതിൽ വരുന്നില്ല. മോദിയുടെ വിമാനയാത്രാ ചെലവ് കേന്ദ്രമാണ് വഹിക്കുന്നതെന്നും കോമൺവെൽത്ത് ഹ്യുമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് റിപ്പോർട്ടിൽ പറയുന്നുണ്ട്.