
ബിജെപി സംസ്ഥാന നേതൃയോഗത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ വിലക്ക്. ഇതിനെത്തുടർന്ന് ഇന്നും നാളെയുമായി നടത്താനിരുന്ന നേതൃയോഗം മാറ്റിവച്ചു. തിങ്കളാഴ്ച കോർ കമ്മിറ്റി യോഗം മാത്രം നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.
തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉടൻ നടപടി വേണ്ടെന്നും സംസ്ഥാന ബിജെപിക്ക് കേന്ദ്ര നേതൃത്വം നിർദേശം നല്‍കിയിട്ടുണ്ട്. നടപടിയിലേക്ക് പോയാൽ കൂട്ടക്കൊഴിഞ്ഞ് പോക്ക് ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്യത്തെ കേന്ദ്രം അറിയിച്ചു. പാർട്ടി നർദേശങ്ങളും ചർച്ചകളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്താനും സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കി.
ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ പ്രചരണം നടത്തിയിട്ടും പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനം മുതല്‍ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങളും ആരംഭിച്ചിരുന്നു. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും സി. കൃഷ്ണകുമാറിനെയാണ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത്. ഇത് വലിയ തോതിലുള്ള വിഭാഗീയതക്ക് കാരണമായി. ഇതിനു പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് സന്ദീപ് വാര്യർ പാർട്ടിവിടുന്നതും കോണ്‍ഗ്രസില്‍ ചേരുന്നതും. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതോടെ ആഭ്യന്തര കലഹം ശക്തമാകുകയും ചെയ്തു. ഇതിനു പിന്നാലെ, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരാർഥിക്കെതിരായി പ്രവർത്തിച്ചതായി ബിജെപി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചു.
Also Read: വൈദ്യുതി നിരക്ക് വര്‍ധന: അടിച്ചേല്‍പ്പിച്ചത് സര്‍ക്കാരിൻ്റെ അഴിമതിയുടെ ഭാരമെന്ന് വി.ഡി. സതീശൻ; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രം പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേന്ദ്രം ആവശ്യം അംഗീകരിച്ചിരുന്നില്ല. തല്‍ക്കാലം അധ്യക്ഷനെ മാറ്റേണ്ടതില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍, പുതുതായി ചുമതലയേൽക്കുന്ന ദേശീയ നേതൃത്വം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ തടയുന്നതിനായി പുതിയ സംസ്ഥാന അധ്യക്ഷനെന്ന സാധ്യത പരിശോധിച്ചേക്കും.