
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരിഹാസവുമായി ബിജെപി രംഗത്ത്. വയനാട് തൻ്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ പൊരുൾ തെളിഞ്ഞെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം. വയനാട്ടിൽ തൻ്റെ സഹോദരി എത്തുന്നത് മുന്നിൽ കണ്ടാണ് വയനാട് കുടുംബമാണെന്ന് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൂടെ മത്സരിപ്പിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. വയനാട് കുടുംബ സ്വത്ത് ആക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് പ്രിയങ്കയെ സ്ഥാനാർത്ഥി ആക്കിയതെന്ന് മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ വിമർശിച്ചു.
വയനാട് തൻ്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞതിൻ്റെ പൊരുള്‍ ഇപ്പോഴാണ് വയനാട്ടുകാര്‍ക്കും മലയാളികള്‍ക്കും മനസിലായത്. സഹോദരിയെ ഇവിടെ മത്സരിപ്പിക്കുകയെന്നതാണ് രാഹുൽ ഇതുകൊണ്ട് ഉദ്ദേശിച്ചത്. അടിച്ചു കേറി വാ അളിയാ എന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. ഇത്രമാത്രം കുടുംബാധിപത്യമുള്ള ഒരു പാര്‍ട്ടി ഭൂലോകത്ത് വേറെയില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
വയനാടും പ്രിയങ്ക ഗാന്ധിയും തമ്മിൽ എന്ത് ബന്ധമെന്നായിരുന്നു സുരേന്ദ്രൻ്റെ ചോദ്യം. കേരളത്തിലെ കോൺഗ്രസ് നേതാക്കളില്ലെയെന്നും രാഹുൽ ഗാന്ധി വയനാടിനായി എന്ത് ചെയ്തെന്നും നേതാവ് ചോദിച്ചു. വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നായിരുന്നു കെ സുരേന്ദ്രൻ്റെ മറുപടി.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റായ്ബറേലിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാതെ ഇവിടുത്തെ എംപിയായി തുടരുമെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കി. വയാനാട്ടിലെ പോളിങ് കഴിഞ്ഞ ഉടനെ റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയുമാണ് ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങളോട് ഒരുതരത്തിലുള്ള നീതിയും കാണിക്കേണ്ടതില്ലെന്ന സമീപനമാണെന്നും ഇതിനെതിരെ ജനം ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.