
പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരെ വീണ്ടും ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ള വാർത്ത കൊടുത്താൽ മാധ്യമ സ്ഥാപനങ്ങളിലേക്ക് കയറി ചെല്ലും. അതിന് മാധ്യമ പ്രവർത്തകർ മറുപടി പറഞ്ഞേ മതിയാകൂ എന്നും സുരേന്ദ്രൻ പറഞ്ഞു.
കള്ളവാർത്തകൾ നൽകിയാൽ മാധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തി ചോദിക്കും. മാധ്യമ പ്രവർത്തകരെ കൊണ്ട് തന്നെ മറുപടി പറയിക്കും. മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
പാലക്കാട്ടെ തോൽവിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൊണ്ടായിരുന്നു റിപ്പോർട്ട്. ശോഭയും കൂട്ടാളികളും സി കൃഷ്ണകുമാറിനെതിരെ പ്രവർത്തിച്ചതായാണ് പരാമർശം. വോട്ടുകൾ മറിഞ്ഞെന്നും അതിൽ സന്ദീപ് വാര്യർക്ക് സ്വാധീനമുണ്ടെന്നും കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളതായാണ് സൂചന. എന്നാൽ റിപ്പോർട്ട് സംബന്ധിച്ച വാർത്ത സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തള്ളി. പുറത്ത് വന്നത് കള്ളവാർത്തയാണെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.
പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ ആഭ്യന്തര സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ സുരേന്ദ്രൻ്റെ ഭീഷണി വൻ ചർച്ചയായിരുന്നു. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നുമായിരുന്നു സുരേന്ദ്രൻ്റെ ഭീഷണി.
അതേസമയം തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ബിജെപി നേതാവ് ശോഭ സുരേന്ദ്രനും നാല് കൗൺസിലർമാർക്കും എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നെന്നാണ് റിപ്പോർട്ടിൽ കുറിച്ചിരിക്കുന്നത്. പരസ്യപ്രസ്താവനയുടെ പേരിൽ ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശോഭ സുരേന്ദ്രൻ പാലക്കാട് മത്സാരാർഥിക്കെതിരായി പ്രവർത്തിച്ചതായാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആരോപണം. ശോഭയും വാർഡ് കൗൺസിലർ സ്മിതേഷും സി. കൃഷ്ണകുമാറിനെതിരെ പ്രവർത്തിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടത്തി. ശോഭ സുരേന്ദ്രനും ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ പാർട്ടിക്ക് ജാഗ്രത പാലിക്കാനായി. ജില്ലയുടെ പുറത്തുനിന്ന് എത്തിയവർ, തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗൺസിലർമാർ എതിർത്തതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.