ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭാ സുരേന്ദ്രനും ബിജെപിയും: രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, സംസ്ഥാനത്ത് ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു
ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭാ സുരേന്ദ്രനും ബിജെപിയും: രാജീവ് ചന്ദ്രശേഖർ
Published on

ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖ‍ർ. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നുവെന്നും കോൺഗ്രസുകാരായാലും സിപിഐഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെടുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, സംസ്ഥാനത്ത് ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികൾക്കുമുണ്ട്. വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖ‍ർ കൂട്ടിച്ചേർത്തു.

അതേസമയം, ശോഭ സുരേന്ദ്രന്റെ വീടിന് സമീപം പൊട്ടിത്തെറിച്ചത് വിപണിയിൽ ലഭ്യമായ പടക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ശോഭാ സുരേന്ദ്രന്റെ വീടാണ് ലക്ഷ്യമിട്ടതെന്നും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ വ്യക്തതയോടെ കാര്യങ്ങൾ പറയാമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. അന്വേഷണത്തിനായി സ്പെഷ്യൽ ടീമിനെ നിയോഗിക്കാനാണ് തീരുമാനം.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപത്തേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ അയൽവാസിയുടെ വീട്ടിലേക്കാണ് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞത്. സംഭവം നടക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നു. ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്നാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com