ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വർഷാവസാനത്തോടെ, സ്ഥാനാർഥി പട്ടിക തയ്യാറെന്ന് ബിജെപി

ആദിവാസി ആധിപത്യമുള്ള 28 സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ നിർത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു
ജാർഖണ്ഡ് തെരഞ്ഞെടുപ്പ്;  തെരഞ്ഞെടുപ്പ് വർഷാവസാനത്തോടെ,  സ്ഥാനാർഥി പട്ടിക തയ്യാറെന്ന് ബിജെപി
Published on

വർഷാവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിലെ ഓരോ അസംബ്ലി മണ്ഡലത്തിലേക്കും മൂന്ന് സ്ഥാനാർഥികളുടെ പട്ടിക തയ്യാറാണെന്ന് ബിജെപി വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ പട്ടിക രൂപീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.


നിതീഷ് കുമാറിൻ്റെ സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡും ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടിയുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ 81 നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം ജെഡിയുവിനും ഒന്ന് എൽജെപിക്കും ലഭിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ബിജെപിയുടെ പ്രാദേശിക സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയന് ഒമ്പത് സീറ്റുകൾ നൽകാനും സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.


സ്ഥാനാർഥികളെ സംബന്ധിച്ച്, മണ്ഡല തലം, ബൂത്ത് തലം, എംപിമാർ എന്നിങ്ങനെ മൂന്ന് തലത്തിലുള്ള പ്രവർത്തകരിൽ നിന്ന് പാർട്ടി നിർദേശങ്ങൾ തേടിയിരുന്നെന്നും തുടർന്ന് നടത്തിയ ഇൻ്റേണൽ സർവേയുടെ ഫലം കൂടി കണക്കിലെടുത്താണ് മൂന്നു പേരുടെ പട്ടിക തയ്യാറാക്കിയതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


ആദിവാസി ആധിപത്യമുള്ള 28 സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ നിർത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. എല്ലാ സ്ഥാനാർഥികളും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും പ്രതികരണത്തിൽ വ്യക്തമാക്കുന്നു. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ഫലം നാളെ പ്രഖ്യാപിക്കും. ഇതിന് ശേഷം ജാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com