ഡൽഹിയില്‍ ബിജെപി മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം; സത്യപ്രതിജ്ഞ ഫെബ്രുവരി 20ന് രാംലീല മൈതാനത്തില്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഞ്ചോളം പേരുകളാണ് ബിജെപി നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ
ഡൽഹിയില്‍ ബിജെപി മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം; സത്യപ്രതിജ്ഞ ഫെബ്രുവരി 20ന് രാംലീല മൈതാനത്തില്‍
Published on

ഡൽഹിയിൽ ബിജെപി സർക്കാർ ഫെബ്രുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രിയെ നാളെ ചേരുന്ന ബിജെപി യോഗമായിരിക്കും തീരുമാനിക്കുക. സത്യപ്രതിജ്ഞ ചടങ്ങിന്റെ ക്രമീകരണങ്ങൾക്കായി ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്‌ഡെ, തരുൺ ചുഗ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിലായതിനാലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്. 

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 48 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വെറും 22 സീറ്റുകളിലേക്ക് ചുരുങ്ങി. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദർ ജെയിൻ എന്നിങ്ങനെയുള്ള പ്രമുഖ എഎപി നേതാക്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലം സുരക്ഷിതമാക്കി.


നിയുക്ത എംഎൽഎമാരിൽ നിന്നു തന്നെയാകും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നാണ് ബിജെപിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അഞ്ചോളം പേരുകളാണ് ബിജെപി നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയ്ക്കാണ് പട്ടികയിൽ മുൻതൂക്കം. ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പവൻ ശർമ, മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. വനിതാ മുഖ്യമന്ത്രിക്കായും ബിജെപിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

മുഖ്യമന്ത്രി മുഖമായി വനിതാ നിയമസഭാംഗത്തെ പരിഗണിച്ചാൽ രേഖ ഗുപ്ത, ശിഖ റോയി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖ ഗുപ്ത വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്ക് അനുകൂല ഘടകമാണ്. ജാതി സമവാക്യങ്ങൾക്ക് അനുസരിച്ചാകും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുക. മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും പ്രാധാന്യം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com