
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് ഇത്തവണ അയോധ്യ ഉൾപ്പെടുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മത്സരിക്കാത്തതെന്നും രാഹുൽ ആരോപിച്ചു. അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
അവർ നമ്മളെ വെല്ലുവിളിച്ചിരിക്കുകയാണ്. നമ്മുടെ അടുത്ത ലക്ഷ്യം ബിജെപിയെ ഗുജറാത്തിലും തോൽപ്പിക്കുക എന്നതാണ്. അവരെ ഭയക്കേണ്ട കാര്യമില്ല. അവർ നമ്മുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. ഇതിനൊക്കെ തിരിച്ചടിക്കാനുള്ള അവസരമാണിത്. അയോധ്യയിൽ രാമക്ഷേത്രം ലക്ഷ്യം വച്ച് എൽ.കെ അദ്വാനി തുടങ്ങിവെച്ച നീക്കത്തെ ഇന്ത്യ സഖ്യം തകർത്തു.
അയോധ്യ വിമാനത്താവളം പണിതപ്പോൾ കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു. അവർക്ക് മതിയായ നഷ്ടപരിഹാരം നൽകിയില്ല. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് കർഷകരെ ക്ഷണിച്ചതുമില്ല. തനിക്കെതിരെ മത്സരിക്കാതെ മോദി പിന്മാറിയതിനു കാരണം സർവെയിൽ തോൽവി ഉറപ്പാണെന്ന് വന്നത് കൊണ്ടാണ്. അയോധ്യയിൽ തിരിച്ചടിച്ചതു പോലെ ഗുജറാത്തിലും ബിജെപിക്കെതിരെ ജനങ്ങൾ തിരിച്ചടിക്കുമെന്നും രാഹുൽ പറഞ്ഞു