GOAT ആയും ഹർഷദ് മേത്തയായും കെജ്‌രിവാള്‍‌; ഡല്‍ഹിയില്‍ ബിജെപി-ആം ആദ്മി പോസ്റ്റർ പോര്

വോട്ടർപട്ടികയില്‍ ആം ആദ്മി പാർട്ടി (എഎപി) ക്രമക്കേട് കാണിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം
GOAT ആയും ഹർഷദ് മേത്തയായും കെജ്‌രിവാള്‍‌; ഡല്‍ഹിയില്‍ ബിജെപി-ആം ആദ്മി പോസ്റ്റർ പോര്
Published on

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പോസ്റ്റ‍ർ പോര്‌ തുടർന്ന് ബിജെപിയും ആം ആദ്മിയും. വോട്ടർപട്ടികയില്‍ ആം ആദ്മി പാർട്ടി (എഎപി) ക്രമക്കേട് കാണിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പണം നല്‍കി ബിജെപി വോട്ടു നേടുന്നുവെന്നാണ് ആം ആദ്മിയുടെ മറുവാദം. വാ​ക്‌ പോരുകൾക്ക് ഒടുവിൽ പോസ്റ്റ‍ർ യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ് ഇരു പാ‍‍ർട്ടികളും.

40 മുതൽ 80 വയസുവരെയുള്ള ഒന്നിലധികം പേരെ വീട്ടുടമസ്ഥ‍ർ അറിയാതെ ഒരൊറ്റ വിലാസത്തിൽ രജിസ്റ്റർ ചെയ്തതായി ആരോപിച്ച് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ ഒരു പോസ്റ്ററാണ് ബിജെപി പങ്കുവച്ചത്. സ്കാം 1982 എന്ന സീരീസിന്‍റെ പോസ്റ്ററില്‍ ഹർഷദ് മേത്തയ്ക്ക് പകരം കെജ്‌രിവാളിനെ ചേർത്താണ് പോസ്റ്റർ നിർമിച്ചിരിക്കുന്നത്.  'വോട്ട് ചോർത്താനുള്ള കെജ്‌രിവാളിൻ്റെ പുതിയ കളി' എന്നായിരുന്നു എക്സില്‍ പങ്കുവച്ച പോസ്റ്ററിന് ബിജെപി നല്‍കിയ അടിക്കുറിപ്പ്.

'GOAT' (GREASTEST OF ALL TIME) എന്ന വിജയ് ചിത്രത്തിന്റെ കെജ്‌രിവാൾ വേർഷൻ പുറത്തിറക്കിയാണ് എഎപി ബിജെപിയെ പ്രതിരോധിച്ചത്.

മതനേതാക്കൾക്കുള്ള ഓണറേറിയം എതിർക്കുന്ന ബിജെപി, ക്ഷേത്രങ്ങൾ തകർക്കാൻ പ്രേരിപ്പിക്കുന്നുവെന്നും കെജ്‌രിവാൾ ഇന്നലെ ആരോപിച്ചു. 'ജനങ്ങൾ രോഷാകുലരാണ്' എന്നാണ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചത്. ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന എഎപി അധ്യക്ഷന്റെ വാദങ്ങൾ ഒന്നുകൂടി വിശദീകരിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സർക്കാരുമായി കൂടിയാലോചിക്കാതെ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലഫ്റ്റനൻ്റ് ഗവർണർക്ക് (എൽജി) അധികാരം നൽകിയെന്നായിരുന്നു അതിഷിയുടെ പ്രസ്താവന.



ആം ആദ്മി സർക്കാർ പാലിക്കാത്ത വാഗ്ദാനങ്ങളുടെ പട്ടിക നിരത്തിയാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്. ശുദ്ധജലം, സ്ത്രീ സുരക്ഷ, ചേരി പുനരധിവാസം, മലിനീകരണം, യമുന നദിയുടെ ശുചീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കെജ്‌രിവാൾ പരാജയപ്പെട്ടുവെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി ആരോപിച്ചു. പുരോഹിതർക്കുള്ള ഓണറേറിയം ഉൾപ്പെടെയുള്ള എഎപിയുടെ സമീപകാല പ്രഖ്യാപനങ്ങൾ രാഷ്ട്രീയ ഗിമ്മിക്കുകളാണെന്ന് പറഞ്ഞാണ് ബിജെപി നേതാവായ എം.പി. പ്രവീൺ ഖണ്ഡേൽവാൾ തള്ളിക്കളഞ്ഞത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com