
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആറ് തവണ ബ്ലാക്ക് മാർക്ക് വന്നുകഴിഞ്ഞാൽ ഒരു വർഷത്തേക്ക് ലൈസൻസ് താനേ റദ്ദാവുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട് കേരളത്തിലേക്ക് അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സർവീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ കാലയളവ് ഏർപ്പെടുത്തും. പ്രൊബേഷൻ കാലയളവിൽ കൂടുതൽ തെറ്റുകൾ വന്നാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഡ്രൈവിങ്ങിൽ അച്ചടക്കമില്ല. ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ട്. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല.
സ്വകാര്യ ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഡ്രൈവറായി നിയമിക്കാൻ അനുവദിക്കില്ല. ഒരു മാസത്തിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കുമെന്നും കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
സംസ്ഥാനത്ത് ലൈസൻസ് സംവിധാനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ട്. ഈ കാര്യം തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കരൻ ശ്രദ്ധിക്കണമെന്നും കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ പറഞ്ഞു.