വെടിനിര്‍ത്തലിനു പിന്നാലെ ഡ്രോണ്‍ ആക്രമണം; വീണ്ടും ബ്ലാക്ക് ഔട്ട്

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു
വെടിനിര്‍ത്തലിനു പിന്നാലെ ഡ്രോണ്‍ ആക്രമണം; വീണ്ടും ബ്ലാക്ക് ഔട്ട്
Published on

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാന്‍ പ്രകോപനമെന്ന് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ജമ്മുവില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സിലൂടെ പറഞ്ഞു.

പിന്നാലെ, ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ബര്‍മര്‍, ജെയ്‌സാല്‍മീര്‍, പഞ്ചാബിലെ ഫിറോസ്പൂര്‍, മോഗ, പത്താന്‍കോട്ട്, പാട്യാലയിലും രൂപ് നഗറിലും ഗുജറാത്തിലെ കച്ച്, ജമ്മു, ശ്രീനഗര്‍, കത്വ, എന്നിവിടങ്ങളിലെല്ലാം ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ശനിയാഴ്ച വൈകിട്ടോടെയാണ് ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തലിനെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം സ്വാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീനഗറില്‍ ഒന്നിലേറെ സ്‌ഫോടനങ്ങളുണ്ടായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് കനത്ത ഷെല്ലാക്രമണവും നടക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കച്ച് മേഖലയില്‍ നിരവധി ഡ്രോണുകള്‍ കണ്ടതായി ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സംഗ്‌വി എക്‌സില്‍ കുറിച്ചു. കച്ചില്‍ സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുമെന്നും പൊതുജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും ഹര്‍ഷ് സംഗ്വി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com