
ജമ്മു കശ്മീരിലെ സോപോർ പട്ടണത്തിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രദേശവാസികളായ നസീർ അഹമ്മദ് നദ്രൂ, അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റാഷിദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേർ കുട്ടികളാണെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ കൃത്യമായ സ്വഭാവം പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രിക്കടയിലേക്ക് വണ്ടിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഒരാൾ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്കെഐഎംഎസ്) ലേക്ക് കൊണ്ടുപോകുന്ന വഴിയും മരണപ്പെട്ടു.