
പാകിസ്ഥാനെ നടുക്കി ബലൂചിസ്ഥാൻ ക്വാട്ട റെയിൽവേ സ്റ്റേഷനിൽ വൻ ചാവേർ സ്ഫോടനം. സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പെഷവാറിലേക്കുള്ള ട്രെയിൻ യാത്ര പുറപ്പെടാൻ തുടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ 14 സൈനികരും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്.
ക്വാട്ട റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ സമയത്താണ് സ്ഫോടനമുണ്ടായത്. ജാഫർ എക്സ്‌പ്രസ് പെഷവാറിലേക്ക് പോകാനിരിക്കെയാണ് സംഭവം. നിരവധി ആളുകൾ ട്രെയിൻ കാത്ത് നിൽക്കുന്നുതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ സ്ഫോടനവും ഉണ്ടാവുകയായിരുന്നു.
റെയിൽവേ സ്‌റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ലോ എൻഫോഴ്‌സ്‌മെൻ്റ് ടീമുകൾ ഉടൻ തന്നെ പ്രദേശം സുരക്ഷിതമാക്കുകയും പരിക്കേറ്റവരെ ക്വാട്ടയിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി ബലൂചിസ്ഥാൻ പ്രവിശ്യയുടെ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.
മേഖലയിലെ വംശീയ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇൻഫൻട്രി സ്‌കൂളിലെ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ബലൂചിസ്ഥാനിലെ ഇൻസ്‌പെക്ടർ ജനറൽ മൗസ്സം ജാ അൻസാരി പറഞ്ഞു.
ബലൂച് മേഖലയിൽ കുറച്ചുനാളായി സ്ഫോടനങ്ങൾ വ്യാപകമാണ്. വാക്സിൻ ക്യംപുകൾക്ക് നേരെ പലതവണ ആക്രമണങ്ങളുണ്ടായി. പോളിയോ വാക്സിൻ അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും വാക്സിൻ നൽകുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തീവ്രവാദി ആക്രമണം. ഒപ്പം ഏകദേശം മൂന്ന് മാസം മുമ്പ്, ബലൂചിസ്ഥാനിലെ പൊലീസ് സ്റ്റേഷനുകളിലും ഹൈവേകളിലും നടന്ന ആക്രമണ പരമ്പരയിൽ കുറഞ്ഞത് 73 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.