
കറാച്ചി വിമാനത്താവളത്തിനടുത്ത് നടന്ന സ്ഫാടനത്തില്‍ രണ്ട് ചൈനീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വിഘടന വാദികളായ ബലൂച് ലിബറേഷന്‍ ആർമി (ബിഎല്‍എ) മാധ്യമങ്ങൾക്ക് കത്തയച്ചു. കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 10 പേർക്ക് പരുക്കേറ്റു.
പോർട്ട് ഖാസിം ഇലക്‌ട്രിക് പവർ കമ്പനിയുടെ എന്‍ജിനീയർമാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ചൈനീസ് വംശജർ. ഇവർ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂചിസ്ഥാന്‍ ലിബറേഷൻ ആർമി മാധ്യമങ്ങൾക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. ചൈനയിൽ നിന്നുള്ള ഉന്നത എൻജിനീയർമാരെയും നിക്ഷേപകരെയും ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്നും പ്രസ്താവനയിലുണ്ട്.
Also Read: ആക്രമണം ശക്തമാക്കി ഹിസ്ബുള്ള; ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ റോക്കറ്റാക്രമണം; അഞ്ച് പേർക്ക് പരുക്ക്
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വയംഭരണത്തിനായി വാദിക്കുന്ന വിഘടനവാദി സംഘമാണ് ബലൂച്ച് ലിബറേഷൻ ആർമി. വിദേശ നിക്ഷേപർ പ്രദേശത്തെ സമ്പത്ത് ഏകപക്ഷീയമായി കയ്യടക്കിവെക്കുകയാണെന്നും ബലൂച് വംശജർക്ക് ന്യായമായ വിഹിതം ലഭിക്കുന്നില്ലെന്നുമാണ് ബിഎല്‍എയുടെ പ്രധാന ആരോപണം. സംഘം ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. പാകിസ്ഥാൻ ചൈനയെ സഹായിക്കുന്നുവെന്നാണ് ബിഎല്‍എ ആരോപിക്കുന്നത്. മുൻപും ബിഎല്‍എ ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തുകയും കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റ് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണത്തില്‍ 70ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.